സാധാരണയില്‍ നിന്നും
വ്യത്യസ്ഥമായി കഴിഞ്ഞ തവണ നാട്ടില്‍ നിന്നും മസ്കറ്റിലേക്ക് വിമാനം കയറിയത് നേരം പുലര്ന്നു കുറച്ചേറെ കഴിഞ്ഞായിരുന്നു. അതിനു കാരണം ഇപ്പോള്‍ നാട്ടാരെല്ലാം
ചീത്തവിളിക്കുന്ന നമ്മുടെ എയര്‍ ഇന്ത്യ
എക്സ്പ്രസ്സിനാണ് ഞാന് ടിക്കറ്റ്
എടുത്തത് പിന്നെ
അവരുടെ സമയ ക്രമപ്രകാരം ആ സമയത്തെ വിമാനം ഉള്ളൂ എന്നതും കൊണ്ട്. മറ്റു പല
വിമാന കമ്പനികളും ഒരു സൈഡില്‍ യാത്ര ചെയ്യുന്നതിന് ഇന്ത്യന്‍ മണി
14,000/- മുതല് 16,000/- വരെ
ഈടാക്കുന്ന ദിവസം നമ്മുടെ എയര്‍ ഇന്ത്യ
എക്സ്പ്രസ്സിലെ യാത്രയ്ക്ക് 6,300/- രൂപയെ ആകുള്ളൂ എന്ന അറിവാണ് മുഖ്യമായും ഞാന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തിരഞ്ഞെടുക്കുവാന്‍ കാരണം.
ഈ നാട്ടാരെല്ലാം ചീത്തവിളിക്കുന്ന പോലുള്ള പ്രശ്നങ്ങള്‍ ഒന്നും
ദൈവം സഹായിച്ചു എനിക്ക് നേരിടേണ്ടി വന്നില്ല. ചെക്ക്-ഇന്‍
ചെയ്യുവാന്‍ കൌണ്ടറില്‍
ചെന്നത് മുതല്, വിമാനത്തിനുള്ളിലേക്ക്
യാത്രക്കാരെ സൗകര്യപ്രദമായി കടത്തി വിടുന്നയിടം വരെ മികച്ച പ്രഫഷണലിസം പുലര്‍ത്തുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു; അതില്‍ ഒരു പരിധിയിലേറെ വിജയിക്കുവാന്‍ അവര്‍ക്ക്
കഴിഞ്ഞു എന്നു തന്നെയാണ് അനുഭവസ്ഥന് ആയ എന്റെ അഭിപ്രായം.
വിമാനം കയറി ചെന്നപ്പോള്‍ നമസ്തേ പറഞ്ഞു സ്വീകരിക്കുവാന്‍ സാരിയുടുത്ത രണ്ടു തരുണീമണികള്‍. ആകെ 32 വരികളിലായി 3+3 രീതിയില്‍ ക്രമീകരിച്ച 192 സീറ്റുകള്‍ ഉള്ള ഫ്ലൈറ്റ് ഏകദേശം 140 പേരോളം ആയാണ് പറന്നു പൊങ്ങിയത്. മുന്നമേ ടിക്കറ്റ് എടുത്തപ്പോള്‍, മറ്റു വിമാനങ്ങളില്‍ ബിസിനസ് ക്ലാസിനു ഒഴിച്ചിടുന്ന സ്ഥലത്ത് പെട്ട 5 ആം നമ്പര്‍ വരിയിലെ ജനാല സീറ്റ് രൂപാ നൂറ് മുടക്കി എടുത്തിരുന്നു. ഒന്നാഞ്ഞു ശ്രമിച്ചാല്‍ പൈലറ്റിനെ അടുത്ത് കാണാം, കൂട്ടത്തില്‍ ചെന്നിറങ്ങുന്നിടത്ത് ആദ്യം ഇറങ്ങാം എന്നൊക്കെയുള്ള മെച്ചം നോക്കിയാണ് മുന്വരി ബുക്ക് ചെയ്തത്.പിന്നെ മറ്റൊന്നും കൂടെ ഉണ്ട്. ശങ്കകള്‍ വല്ലതും തോന്നിയാല് അതിനു നിവൃത്തി വരുത്തുവാന്‍ കൈ എത്തും ദൂരത്ത് ഒരു സംവിധാനം ഉണ്ടല്ലോ എന്നൊരു സമാധാനം. വിമാന യാത്രയില്‍ ശങ്ക ഒഴിവാക്കണം എന്ന് നിര്ബന്ധം ഉള്ളതിനാല്‍ കഴിവതും വയറു കാലിയാക്കി കയറുക എന്നതാണ് പതിവ്. അതിനൊരു കാരണം ഉണ്ട്. ശങ്കകളില്‍ "ആ" ശങ്ക തോന്നിയാല് കാര്യം കൊഴഞ്ഞത് തന്നെ. സായിപ്പിന്റെ ടിഷ്യു മാത്രമേ കിട്ടുകയുള്ളൂ വൃത്തിയാക്കുവാന്‍. അതൊട്ട് നമ്മള്‍ക്കത്ര പഥ്യവുമല്ല.
അപ്പോള്‍ പകല്‍ വെട്ടത്തില്‍ ഞാന് ഒരു യാത്ര പോകുന്നു. കാഴ്ച്ചകള്‍ കണ്ടു ജനാല വഴി നോക്കിയിരിക്കുമ്പോള്‍ പുറകോട്ടു പോയി നിറുത്തിയ വിമാനത്തിനു സൈഡില്‍ ആയി രണ്ടു പേര് പൈലറ്റിനെ ഒരു കറുത്ത റിബണ്‍ പൊക്കി കാട്ടുന്നു. യന്ത്രത്തില്‍ കാട്ടുന്ന കാറ്റിന്റെ ഗതിക്കു മേലെ പ്രകൃതിയുടെ സൂചനകള്‍ നോക്കി ഉറപ്പിക്കുകയാണ് പൈലറ്റ് എന്ന് അധികം വൈകാതെ മനസ്സിലായി. അവിടുന്നൊരു യാത്ര. മുന്നമേ പോകുന്ന മറ്റൊരു ഫ്ലൈറ്റിനു പുറകെ കുറച്ചു ദൂരം താണ്ടി, ഏകദേശം രണ്ടു മൂന്നു മിനിറ്റ് പറക്കാതെ റണ്‍ വേയിലൂടെ ഉരുണ്ടുരുണ്ട് മുന്നോട്ട്. ഓടി ഉരുണ്ടു ഒരു കവലയില്‍ ചെന്നപ്പോള്‍ അവിടെ ചുവപ്പടയാളം. മുന്നമേ പോയ കക്ഷി കവല തിരിഞ്ഞു പോയി തിരികെ വന്നു ഏകദേശം ഞങ്ങള്ക്ക് മുന്പില് വന്നു ആകാശത്തേക്കൊരു കുതിപ്പ്. തുടര്ന്ന് ഞങ്ങളും അതെ വഴിയില്‍ മുന്പോട്ടു. അങ്ങനെ പോകുമ്പോഴു റണ്‍ വേയ്ക്ക് സമാന്തരം ആയി ഒരു നിശ്ചിത ദൂരത്തില്‍ ഓരോ ഓലകുടിലുകള്. അവിടെ ചുവപ്പ് ഉടുപ്പിട്ട ചില വെടിമാത്തന്മാര് നിന്ന് ഓലപടക്കം പൊട്ടിക്കുന്നു. ചെറുതായി പുക പറന്നു പൊങ്ങുന്നത് കാണാം. ആ വെടിക്ക് സൌണ്ട് ഉണ്ടോ എന്ന് എനിക്കറിയില്ല. കാരണം എനിക്ക് കേള്‍ക്കുവാന്‍ സാധിക്കില്ല അത്രതന്നെ.
അത്ഭുതം കൂറിയ കണ്ണിലൂടെ ഞാന് ആ കാഴ്ച്ചകള്‍ കണ്ടിരുന്നു. വീണ്ടും കുറച്ചു ഓടി വിമാനം ഓടി വന്ന ദിശയിലേക്കു തിരിച്ചുനിര്ത്തി.ഒരു ചെറിയ ഇടവേള. അപ്പോഴെല്ലാം എന്റെ മനസ്സില് ആ വെടിമാത്തന്മാര് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നൊരു ചിന്തയായിരുന്നു. സ്വയം കണ്ടെത്തിയ ഉത്തരങ്ങള്‍ രണ്ടു. പറന്നു പൊങ്ങുന്ന വിമാനത്തിനു കാറ്റ് ഒരു വലിയ ഘടകമാണ്. കാറ്റ് പോകുന്ന വശത്തേക്കെ വിമാനം പറന്നു പൊങ്ങുകയുള്ളു... പിന്നെ വെടി ശബ്ദം പക്ഷികളെ അകറ്റും. എന്തിനധികം പറയുന്നു. ഓരോ ജീവനും കൊണ്ട് പറന്നു പൊങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ എത്ര പേരുടെ ഉത്തരവാദിത്വങ്ങള്‍ എത്രപേരുടെ അധ്വാനം - ഇതൊന്നും നമുക്കറിയേണ്ടല്ലോ!!!!
ചെറിയ ഇടവേളയ്ക്കു ശേഷം ഉള്ള ശക്തി മുഴുവന്‍ ആവാഹിച്ചു,ഓടി കുതിച്ചു പറന്നുയരുമ്പോള്‍ ചെവികള്‍ കൊട്ടി അടയ്ക്കുന്നതായി അടിവയറ്റില്‍ നിന്ന് എന്തോ ഉരുണ്ടു കയറുന്നതായി ഒരു തോന്നല്‍ ഒക്കെ ഉണ്ടാകേണ്ടതാണ്. പരിചയം ആയതിനാല്‍ ആകും അങ്ങനൊന്നും ഉണ്ടായില്ല. ഒരു ചെറിയ കയറ്റവും തിരിവും ഒക്കെ കഴിഞ്ഞപ്പോള്‍ പച്ചപട്ടുടുത്ത് ലാസ്യഭാവത്തോടെ നില്ക്കുന്ന നഗരവും കുതിക്കുവാന്‍ വെമ്പുന്ന നഗരവും താഴെ.
പിന്നെയാണ് കാഴ്ച്ച. തിരകള്‍ അടിച്ചു കയറുന്ന കടല്‍ താഴെ. ഇതിനിടയില്‍ നീലം വന്നതിന്റെ തുടര്ച്ചയായുള്ള മഴ മേഘത്തിനുള്ളിലൂടെ ഒരു യാത്ര. പഞ്ഞികെട്ടിന്റെ കനത്ത പുതപ്പിനുള്ളിലൂടെ പോകുമ്പോള്‍ കുലുക്കവും ചെറിയ ചാട്ടവും. ഇടയ്ക്കു താഴെ കുഞ്ഞു പൊട്ടുപോലെ കടന്നു പോകുന്ന കപ്പലുകള്‍. മുന്പോട്ടു പോകുന്തോറും പ്രകൃതിക്ക് ഭാവപകര്ച്ച. ഇടയ്ക്കിടയ്ക്ക് മൊട്ടകുന്നുകള്‍ പോലെ താഴെ മേഘങ്ങള്‍.
ഈ യാത്രയില്‍ പോകേണ്ട
2600 km ല് 2300 km കടന്നുപോകുന്നത് ഏകദേശം 36000 അടി ഉയരത്തില്‍ താഴെ രാജ്യങ്ങള്‍ അതിര്‍ത്തിയിടുന്ന
കടലിനു മുകളിലൂടെ. വിമാനം
പറക്കുന്നത് ഏകദേശം 800 km ഗ്രൌണ്ട്
സ്പീഡില്.
ഇടയ്ക്കിടയ്ക്ക് കുന്നുകളായി മലകളായി മേഘകൂട്ടം. അങ്ങനെ കണ്ടിരിക്കുമ്പോള്‍ അങ്ങ് ദൂരെ കരിമ്പാറകെട്ടുകള്‍ പോലെ ഒരു കാഴ്ച്ച. ഏതോ കര പ്രദേശമാണ്, ഇത്രേ അടുത്തും കൂടെ ആണല്ലോ പോകുന്നത് മൊബൈല്‍ ക്യാമറയില്‍ രണ്ടു ചിത്രം എടുക്കാം എന്നൊക്കെ കരുതി ഒരുങ്ങി ഇരുന്നപ്പോള് ആ കരിമ്പാറ കെട്ടുകള്‍ അടുത്തേക്ക് വരുന്നതായൊരു തോന്നല്‍. സത്യമാണ് അത് നമ്മുടെ അടുത്തേക്ക് വരുകയാണ്. ഇരുണ്ടു മൂടിയ കറുത്ത് കരിങ്കട്ട ആയ മേഘങ്ങള്‍ ആണതെന്ന് മനസ്സിലായപ്പോള്‍ എന്തോ ഒരു ജാള്യത. മനസ്സിന്റെ ചില സ്ഥലകാല വിഭ്രാന്തി, അല്ലാതെന്താ പറയുക. ഇതുവരെ നമ്മളോടൊപ്പം സഞ്ചരിച്ചിരുന്ന മേഘങ്ങള്‍ കാണണമെങ്കില്‍ ഇപ്പോള്‍ താഴേക്കു നോക്കണം.
യാത്ര കൂടുതല്‍ ആശ്വാദകരമാക്കുവാന്, മൂന്നു വരി സീറ്റിനു ഒന്ന് എന്ന രീതിയില്‍ ക്രമീകരിച്ച ടി.വി. യില് ഏതോ മലയാള സിനിമ കാണിക്കുവാന്‍ തുടങ്ങി. ഇതിനിടയില്‍ ഫ്ലൈറ്റ്നുള്ളില് എന്തോ അറിയിപ്പ് മുഴങ്ങി. പകുതിക്ക് കേട്ടപ്പോള്‍ മനസ്സിലായത് US Dollar ആണെങ്കില്‍ ഒന്ന് കൊടുക്കണം ഒമാനി റിയാല്‍ ആണെങ്കില്‍ അഞ്ഞൂറ് ബൈസ കൊടുക്കണം എന്ന്. എല്ലാ ബജറ്റ് എയര്ലൈനിലും പോലെ ഭക്ഷണമോ വെള്ളമോ വേണമെങ്കില്‍ കാശ് കൊടുക്കണം, അതാണ് വിളിച്ചു പറഞ്ഞതെന്ന് കരുതി ഇരിക്കുമ്പോള്‍, ട്രോളി ഉന്തി നമ്മുടെ തരുണീ മണികള്‍ കടന്നു പോയി. ചിലര്ക്കെല്ലാം എന്തോ കൊടുക്കുന്നു. സാധനം ഓരോ ഹെഡ് സെറ്റ്‍. ഇതിനാണ് പ്രലോഭനം പ്രലോഭനം എന്ന് പറയുന്നത്. ഇട്ടിരിക്കുന്നത് ഒരു മലയാളം സിനിമ. യാത്ര ഏകദേശം മൂന്നര മണിക്കൂര്‍. അത്രേം നേരം എങ്ങനെ ഉറങ്ങും? എന്നാല്‍ സിനിമ കാണാം എന്ന് കരുതിയാലോ സൌണ്ടില്ല. ആ സൌണ്ട് കേട്ടശ്വദിച്ചു കാണണം എങ്കില്‍ ഹെഡ് സെറ്റ് വേണം. അത് വേണമെങ്കിലോ മുകളില്‍ പറഞ്ഞ കാശ് കൊടുക്കണം. ഞാന് ആരാ പുള്ളി, കോളേജ് പഠനകാലത്ത് ഉണ്ടായിരുന്ന ശീലം പൊടി തട്ടിയെടുത്തു. ദൂരെ സംസാരിക്കുന്ന രണ്ടു പേരുടെ ചുണ്ടനക്കത്തിലൂടെ അവര് പറയുന്നത് മനസ്സിലാക്കി അവരോടു
പറഞ്ഞു ഞെട്ടിക്കുന്ന സ്വാഭാവും ആയി കുറെ നടന്ന നമ്മളോട് തന്നെ വേണം കളി. അങ്ങനെ, ഇട്ടിരുന്ന ബോഡി ഗാര്ഡ് ചിത്രം മുന്പ് കണ്ടത് കൊണ്ടും, സബ് ടൈറ്റില്‍ താഴെ ഉണ്ടായിരുന്നതിനാലും പുറത്തെ കാഴ്ച്ചകള്‍ കുറേനേരം കണ്ടിരിക്കുമ്പോള്‍ ബോറാകും എന്നത് കൊണ്ട് സൌണ്ട് ഇല്ലാതെ ആ സിനിമ കണ്ടു എന്നും ഓര്മ്മിക്കുവാനായി ഒരുക്കിവെച്ചു. ഇതിനും ഒരു യോഗം വേണേ.
അവര് ഫ്രീ ആയി ഹെഡ് സെറ്റ് തന്നില്ലേലും എനിക്ക് യാതൊരു വിഷമവും ഇല്ല. കാരണം അടുപ്പിച്ചു പത്തുനാള്‍ അവധി കിട്ടുമ്പോള്‍ ഭാര്യേം പിള്ളാരേം പോയി ചെന്ന് കാണുവാന്‍ സാധിക്കുന്നത് ഈ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഉള്ളത് മൂലം ആണല്ലോ!!! വേറെ ആര് കൊണ്ട് പോകും ഇത്ര കുറവ് കാശിനു? എന്നേലും ഒരു നാള് എന്നേം അവര് വഴിക്കിറക്കിവിടുമായിരിക്കും, അല്ലേല്‍ ഇന്ന് ചെല്ലേണ്ടിടത്ത് നാളെ എത്തിക്കുമായിരിക്കും, അതുമല്ലേല്‍ വെള്ളം പോലും തരാതെ മണിക്കൂറുകള്‍ വിമാനത്തില്‍ തടവിലും ഇടുമായിരിക്കും. അന്നൊരു പക്ഷെ എന്റെ ഈ സ്നേഹത്തിനു ഇടിവ് തട്ടാം. എന്നാലും കാശ് കുറവ് കൊടുത്തു പോകാവുന്നിടത്തോളം ആ ബന്ധം കാണും എന്ന് തന്നെയാണ് വിശ്വാസം.
ഈ പറയുന്ന തരത്തിലുള്ള പ്രശ്നങ്ങള്ക്ക് നമ്മുടെ ചിലരുടെ മനോഭാവത്തിലുമുള്ള കുഴപ്പമില്ലേ എന്നോരു സംശയം. പലപ്പോഴായി ഏകദേശം 10-15 യാത്രകള്‍ നടത്തിയിരിക്കുന്നു വിമാനത്തില്‍. ആ യാത്രയിലൊന്നും ആരുമെന്നോട് ചോദിച്ചില്ല, ഇങ്ങനാണോ സീറ്റ് പുറകിലേക്ക് ചാരിവെയ്ക്കുന്നതെന്ന്. ഇങ്ങനെ ചാരിവെച്ചാല്‍ ഞാന് എങ്ങനെ വെളിയിലേക്ക് ഇറങ്ങും എന്ന്? വിമാനത്തിലെ സീറ്റ് ക്രമീകരണം, ആര്ക്കും ബുദ്ധിമുട്ടില്ലാതെ സുഖമായിരിക്കുവാന്‍ ചാരി വെക്കാവുന്ന തരത്തിലാണ്. അത് ആ സീറ്റില്‍ ഇരിക്കുന്ന യാത്രകാരന്റെ മനോധര്മ്മം പോലെ ക്രമീകരിക്കാം. ആ ചോദ്യം ചോദിച്ച ആളോട് ഞാന് എന്ത് പറയണം??? സ്വന്തം സീറ്റ് വിടര്ത്താവുന്നതിന്റെ പരമാവധിയില് സ്ഥാപിച്ചിട്ടാണ് നമ്മളോട് ചോദിക്കുന്നത് എന്നോര്ക്കണം. ഇതിനെയാണ് വീട്ടു മൂച്ച് എന്ന് പറയുന്നത്. മറ്റേതെങ്കിലും എയര്‍ ലൈനില്‍ യാത്ര ചെയ്യുന്ന ഒരാളോട് ആ കക്ഷി ഇങ്ങനെ ചോദിക്കുമോ?
ഇതിനിടയില്‍ നല്ല സ്പഞ്ച് കേക്കും കാപ്പിയും ചായയും ഒരു ചെറിയ കുപ്പി വെള്ളവും പിന്നെ ചോറും വെജിറ്റബിള്‍ കറിയും വിലയൊന്നും വാങ്ങാതെ കിട്ടി എന്നത് യാത്ര കൂടുതല്‍ ആനന്ദപ്രദമാക്കി. താഴെ നമ്മുടെ കേരളത്തിന്റെ ആകൃതിയിലും മറ്റു ചില രൂപത്തിലുമായി ഏതോ ചില ദ്വീപുകളും. അതുവരെ നീലിച്ചു കണ്ടിരുന്ന സമുദ്രത്തിനു, പച്ചനിറം കാണുമ്പോള്‍ ആണ് താഴെ ഏതോ ദ്വീപും തീരവും ഉണ്ടെന്നത് മനസ്സിലാക്കുന്നത്.
അങ്ങനെ ഏകദേശം മൂന്നു മണിക്കൂര്‍ സമുദ്രത്തിനു മുകളിലൂടെ ആയിരുന്ന ആ യാത്ര, ഇതില്‍ കാണുന്ന ദൃശ്യ വിരുന്നോടെ ഒമാന്റെ മണ്ണിലേക്ക് പ്രവേശിച്ചു. കടലിനു മേലെ കൂട് കൂട്ടിയ മേഘങ്ങള്‍ അതിരിടുന്ന കരഭൂമി. അവിടെ നിന്നും കാറ്റിനോട് സല്ലപിച്ചു; ഇണങ്ങിയും പിണങ്ങിയും, താഴെ മരകൂട്ടങ്ങളുടെ പ്രതീതി ഉണര്ത്തി, സൂര്യ പ്രകാശത്തില്‍ ഭൂമിയില്‍ നിഴലുകള്‍ പരത്തി പാറി നടക്കുന്ന ചെറു മേഘകൂട്ടം.
ഇപ്പോള്‍ വിമാനം സുല്ത്താനേറ്റിനു (ഒമാന്) ചുറ്റും കാവല്‍ നില്ക്കുന്ന യഥാര്ത്ഥ കരിമ്പാറ കെട്ടുകള്ക്കും മലകള്ക്കും മുകളിലൂടെ സീബ് അന്താരാഷ്ട്ര വിമാനത്താവളം നോക്കി യാത്രയില്‍.
മലകള്ക്ക് മുകളില്‍ സര്‍പ്പങ്ങള്‍ പിണഞ്ഞു കിടക്കുന്നതുപോലെ വെട്ടിയൊതുക്കിയ പാതയിലൂടെ കുഞ്ഞു പൊട്ടു പോലെ വാഹനങ്ങള്‍. പോകും വഴിയില്‍ ജോലിചെയ്യന്നയിടവും സ്ഥിരമായി പോകുന്ന കടകളും താമസിക്കുന്ന ഫ്ലാറ്റുകളും ആകാശകാഴ്ച്ചയില്‍.
മലകള്‍ക്കിടയില്‍ അടുക്കി വെച്ചതുപോലെ വെളുത്ത ചായം പൂശിയ കുഞ്ഞു കുഞ്ഞു ഫ്ലാറ്റുകള്‍. ശാന്തിയുടെം സമാധാനത്തിന്റെം പ്രതീകങ്ങള്‍ പോലെ വെളുത്ത നീളന്‍ (ദിഷ്ദാഷ) കുപ്പായങ്ങള്‍ ധരിച്ചു വെളുത്ത ചായമടിച്ച മാനം മുട്ടാത്ത വീടുകളിലും ഫ്ലാറ്റുകളിലും ജീവിക്കുന്ന നിര്മ്മല മനസ്സിന് ഉടമകള്‍ ആയ ഒമാനികളുടെ സ്വന്തം നാട്ടിലേക്ക്, ഒരു പിടി സ്വപ്നങ്ങളും പ്രതീക്ഷകളും ആയി, അന്നം തേടി ഈദിന്റെ അവധി കാലത്തിനു ശേഷം പ്രവാസിയായി ഒരിക്കലൂടെ..........
No comments:
Post a Comment