Sunday, July 8, 2012

തരുമോ ഒരല്‍പം ദാഹജലം

 ഇവിടെ പ്രവാസ ജീവിതത്തില്‍,എന്‍റെ മുറിയിലെ ജനലിന്‍റെ പടിയില്‍ ദിനവും രണ്ടു അതിഥികള്‍ എത്താറുണ്ട്.ബാല്യത്തില്‍, നിര്‍ഭാഗ്യങ്ങളെ ഓടിച്ചു വിടുവാന്‍ ശക്തിയുണ്ട് എന്ന് വിശ്വസ...ിച്ചിരുന്ന "മൈന" എന്ന് തെറ്റിദ്ധരിച്ചു വിളിച്ചിരുന്ന "മാടത്ത". നമ്മുടെ നാട്ടിലെ പോലെ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം കാക്കകളെ അല്ല കാണുന്നത്, മറിച്ചു മാടത്തകളെയാണ് ഇവിടെ കാണുന്നത്. വല്ലപ്പോഴും ഒന്നോ രണ്ടോ കാക്കകളെ കണ്ടാലായി. ഇവര്‍ പക്ഷെ നാട്ടിലെ പോലെ തന്നെയാണ്. ഇണകളായെ തീറ്റ തേടി നടക്കാറൂള്ളൂ.പക്ഷെ ഒരു വ്യത്യാസം ഉണ്ട്. സായംസന്ധ്യക്ക്‌ കൂടുകളില്‍ ചേക്കേറാറില്ല.രാത്രി പത്തുമണിക്കും നിയോണ്‍ വെളിച്ചത്തില്‍ തീറ്റ തേടുന്ന "മാടത്ത" കളെ ഈ ഒമാന്‍ ജീവിതത്തില്‍ കാണുന്നു.




 ഗള്‍ഫ്‌ പ്രദേശങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ കഠിന വേനല്‍ ആണെന്ന് അറിയുമല്ലോ.അതിനാല്‍ എന്‍റെ മുറിയുടെ ജനലിനരികില്‍ ഒരിത്തിരി വെള്ളം വെക്കുന്ന പതിവ് തുടങ്ങിയട്ടു രണ്ടാഴ്ച്ചയാകുന്നു. ആ വെള്ളം കുടിച്ചു അല്‍പ്പം വിശ്രമിച്ചു, മുറിയിലെ ഏ.സി.യുടെ കുളിര്‍മ്മ ജനലിനോട്‌ ചേര്‍ന്നിരുന്നു അല്‍പ്പം ആസ്വദിക്കുക എന്നത് ആ ഇണകളുടെ ദിനചര്യ ആയി മാറിയിരിക്കുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആണിവ.

പക്ഷികളോട് പണ്ട് മുതലേ ഉള്ള ഇഷ്ട്ടം കൊണ്ടാകാം ഈ ഇണകളെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പക്ഷികളോട് എങ്ങനെ ഇത്ര ഇഷ്ട്ടം തോന്നി എന്നതിന് കാരണം അന്യേഷിക്കുമ്പോള്‍, പക്ഷികളെയും നായകളെയും ഒത്തിരി സ്നേഹിക്കുന്ന ഒരപ്പന്‍റെ മകന്‍ ആയതിനാല്‍ എന്ന് ഉത്തരം. ഏറണാകുളത്ത് ജോലിയുള്ള അപ്പന്‍, ജോലി കഴിഞ്ഞു വരുമ്പോള്‍ പലപ്പോഴായി കൊണ്ട് വന്നിരുന്ന മലതത്ത(നമ്മുടെ സാധാരണ തത്തയെകാള്‍ മൂന്നു നാലിരട്ടി വലുപ്പം), കാട്ടുമൈന( ദേഹത്ത് മുഴുവന്‍ കറുത്ത തൂവലോട് കൂടി, ചെവിയടവിടെ കടുംമഞ്ഞ നിറത്തില്‍ കിടക്കുന്ന താട) പിന്നെ ആദ്യം വളര്‍ത്തിയ നാട്ടുതത്ത അങ്ങനെ എന്തെല്ലാം.ആഫ്രിക്കന്‍ ലവ് ബേര്‍ഡ്സ്, ഫിന്‍ഞ്ചസ്, കോക്കറ്റയില്‍,ജാവ ബഡ്ജീസ്‌ അപൂര്‍വ്വമായ ഗോള്‍ഡന്‍ ഫിന്‍ഞ്ചസ്, കൊക്കാറ്റൂ, ബ്ലാക്ക്‌ കാപ് ലോറി, ക്രിംസണ്‍ റോസല്ല, വെസ്റ്റേണ്‍ റോസല്ല...കൂട്ടത്തില്‍ കുറെയേറെ പ്രാവുകളും. എത്രയോ തരം പക്ഷികളെ എത്രയോ കാലം വളര്ത്തിയിരിക്കുന്നു. അതൊരു കാലം.....ഇതില്‍ ബ്ലാക്ക് ക്യാപ് ലോറിയെ വളര്‍ത്തിയതാണ് ഒന്നൊന്നര സംഭവം. ഭക്ഷണം എന്തെന്നറിയുമോ? കുഞ്ഞുങ്ങള്‍ക്ക്‌ കലക്കി കൊടുക്കുന്ന "സെര്‍ലാക്" തേന്‍ ഒഴിച്ച് കലക്കി വെച്ചാല്‍ കുടിക്കും.പിന്നെ ഓറഞ്ച് കൊടുത്താല്‍ നീര് ഊറ്റി കുടിക്കും.....

പക്ഷെ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് അമ്മയുടെ സഹോദരിയുടെ മോന്‍ തന്ന, കണ്ണ് പോലും വിരിയാത്ത രണ്ടു ദിവം മാത്രം പ്രായമുള്ള ഒരു തത്തകുഞ്ഞു.ഏകദേശം ഒരാഴ്ചയോളം സ്പൂണിന്‍റെ ചുവട്ടില്‍ വെച്ച്,കണ്ണ്കീറാത്ത തത്തകുട്ടന് പൊടിയരി കഞ്ഞി പാലില്‍ ചേര്‍ത്ത് വാരി കൊടുത്തിരിക്കുന്നു. കണ്ണ് കീറി പിന്നെയും ഏകദേശം ഒരു മാസത്തോളം എന്‍റെ കയ്യുടെ ചൂണ്ടുവിരലിലും തള്ളവിരലിനും ഇടയില്‍ ചേര്‍ത്തുപിടിച്ചു പല തീറ്റകളും കൊടുത്തു.എന്തിനധികം പറയുന്നു,പന്ത്രണ്ടു വര്‍ഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു അവന്‍.അവന്‍റെ ചുണ്ടില്‍ നിന്നും എനിക്ക് കിട്ടിയിരിക്കുന്ന ഉമ്മകള്‍ക്കു കണക്കുവെച്ചാല്‍ അത് എത്രെയോ ആയിരങ്ങള്‍ക്ക് മേലെ. എന്‍റെ വീട്ടിലെ പേരായ ജെനിന്‍ എന്നത്, പപ്പാ വിളിക്കുന്നത്‌ പോലെ ജെനിനെ എന്ന് എത്രയോ തവണ അവന്‍ നീട്ടി വിളിച്ചിരിക്കുന്നു.

No comments: