Thursday, January 9, 2014

നമുക്ക് ചുറ്റും


"അ" എന്ന ബാങ്കിൽ നിന്നും രൂപാ 10,00,000/- (പത്തുലക്ഷം, പൂജ്യം ഇട്ടു ഒന്ന് പേടിപ്പിച്ചെന്നു മാത്രം) പത്തു വർഷകാലാവധിക്ക് (മാസതിരിച്ചടവ് തവണ വ്യവസ്ഥയിൽ) "ക" എന്ന പാവപെട്ടവൻ "ഭാവന"വായ്പ എടുത്തു തിരിച്ചടവ് നാല് നാലര വര്ഷം പൂര്ത്തിയായി എന്ന് കരുതുക. കരുതിയല്ലോ...

ഇതേ "ക" യ്ക്ക് വളരെ വേണ്ടപെട്ട ഒരാളെ സഹായിക്കുന്നതിലേക്ക് അത്യാവശ്യം ആയി രൂപാ 1,00,000/- (ഒരു ലക്ഷം) വേണം. എന്ത് ചെയ്യും. കേരളത്തിലെ എത്ര "വല്യ" പാവപെട്ടവനും ആകട്ട്‌, ഒരു ഏഴെട്ടു പവൻ സ്വര്ണ്ണം കയ്യിൽ കാണുമല്ലോ.... "ഭാവന"വായ്പ ആയി പത്തുലക്ഷം തന്നതല്ലേ എന്ന് കരുതി ആ പാവത്താൻ നേരെ അതിലൊരു ആറാറര പവനുമായി നമ്മുടെ "അ" ബാങ്കിൽ ചെന്ന് പണയം വെച്ച് തുക വാങ്ങി. വെച്ചപ്പോഴേ നമ്മുടെ ആ പാവപെട്ടവൻ സ്വയം ഒരു സമാധാനത്തിനായി പറഞ്ഞു, കാശ് നാല് മാസത്തേക്ക് മതി എന്ന്. നാലുമാസം കഴിഞ്ഞു വട്ടമെത്തുന്ന ഒരു ചിട്ടി ഉള്ളതിന്റെ ഓർമ്മയിൽ ആണ് അങ്ങനെ പറഞ്ഞത്.

കാലം വേഗം ഓടി......ചിട്ടി വട്ടമെത്തി...കാശ് കിട്ടി. ഭാര്യയുടെയും കൊച്ചിന്റെയും  കയ്യിലും കഴുത്തിലും കിടന്നതാണ് പലിശകൊടുത്ത് വെച്ചിരിക്കുന്നത് എന്ന ഓർമ്മയാണ്, കിട്ടിയ കാശുമായി ആ പാവപെട്ടവനെ ബാങ്കിലേക്ക് ഓടിച്ചത്.  ബാങ്കിൽ ചെന്ന് പലിശ ഇടപാട് തീർത്ത് പണയ ഉരുപ്പടി എടുക്കുക, സ്വര്ണ്ണം തിരികെ ഭാര്യയേയും കൊച്ചിനെയും എല്പ്പിക്കുക എന്നൊരു സാധാരണ ഭർത്താ/പിതാ-വിനെ പോലെയേ ആ പാവപെട്ടവനും ചിന്തിച്ചുള്ളൂ.....

കാശടച്ച്‌ ഇടപാട് തീർത്ത് സ്വര്ണ്ണം തിരികെ വാങ്ങുവാൻ കാത്തിരിക്കുമ്പോഴാണ് തന്റെ പേര് ആരോ പറയുന്നതായി തോന്നിയത്..... അധികം താമസിയാതെ ഒരാളെത്തി മാനേജര് അന്വേഷിക്കുന്നതായി പറഞ്ഞു.

കഴിഞ്ഞ നാലഞ്ചു കൊല്ലമായി എല്ലാമാസവും സ്ഥിരമായി "ഭാവന" വായ്പയുടെ തുക കൃത്യമായി അടക്കുന്ന ഉപഭോക്താവിനെ കണ്ടു കുശലം പറയുവാൻ ഒരു മാനേജർ ആഗ്രഹിച്ചു കൂടായ്ക ഒന്നും ഇല്ലല്ലോ എന്നൊക്കെ ചിന്തിച്ച് "ക" എന്ന നമ്മുടെ പാവപെട്ടവൻ റൂമിൽ ചെന്നു. സ്വര്ണ്ണം എടുക്കുവാൻ ചിറ്റുമായി പോയ സാറും അവിടെ മാനേജരോടൊപ്പം.

താമസവും വിശേഷവും ഒക്കെ ചോദിച്ചു കുടിക്കുവാൻ നല്ല ഒരു കാപ്പിയും ഒക്കെ കൊടുത്തു കഴിഞ്ഞാണ് നമ്മുടെ മാനേജര് വിശേഷത്തിലേക്ക് കടന്നത്.‌

അതേ, ഒരു ചെറിയ പ്രശ്നം ഉണ്ട്. പ്രശ്നം എന്ന് പറയാനും മാത്രം ഒന്നും ഇല്ല. പിന്നെ സാറിനു ഒരു പക്ഷെ അതൊരു പ്രശ്നം ആയി തോന്നാം എന്നാ ഞാൻ പറഞ്ഞത്. ഞങ്ങൾക്കിതൊന്നും ഒരു പ്രശ്നമേ അല്ലാ.... ഇപ്പോൾ നാട്ടിലൊക്കെ കള്ളന്മാരല്ലേ, അപ്പോൾ സാറ് ഈ സ്വര്ണ്ണം എന്തിനാ എടുത്തോണ്ട് പോകുന്നത്, അതിവിടെ സുരക്ഷിതമായി ബാങ്കിൽ വെച്ചാൽ പോരായോ? , ഇതാരുന്നോ പ്രശ്നം എന്ന് പറഞ്ഞത്. ഞാനങ്ങു പേടിച്ചു പോയി കേട്ടോ എന്ന് നമ്മുടെ പാവപ്പെട്ടവൻ.
അത് കുഴപ്പമില്ല മാനേജർ സാറേ... ആകെ ഉള്ള കുറച്ചു പൊന്നാ...അത് നമ്മുടെ കയ്യിൽ ഇരിക്കുന്നതാ ഞങ്ങടെ സമാധാനം സാറേ....

നിങ്ങൾക്ക് കൊഴപ്പം ഇല്ലാ എന്ന് വെച്ച്, ഞങ്ങള്ക്ക് കുഴപ്പം വരണം എന്നാണോ ഹേ മിസ്റ്റർ നിങ്ങൾ കരുതുന്നത്...
ഇതെന്താ സാറേ ഇങ്ങനെ...എനിക്കൊന്നും മനസ്സിലാകുന്നില്ല.....    

സ്വര്ണ്ണം ഇപ്പൊ തരാൻ പറ്റില്ലാ...അതുതന്നെ കാര്യം...

ഇതെന്തോന്ന് ന്യായമാ സാറേ.... ഞാൻ ഇടപാട് തീര്ത്തതല്ലേ?
എന്തോന്ന് ഇടപാട്... ഒരു "ഭാവന" വായ്പ എടുത്തിട്ടില്ലേ...

ഉണ്ട്. അതടച്ചു തീർത്തോ?

ഞാൻ പത്തു വര്ഷ കാലാവധിക്കാണല്ലോ വായ്പ എടുത്തത്. ഇപ്പോൾ അഞ്ചു വർഷമായിട്ട് മുടങ്ങാതെ തവണ അടക്കുന്നുണ്ടല്ലോ.....
ആര് പറഞ്ഞു അതടച്ചു തീര്ക്കണം എന്ന്....

പിന്നെ സാറ് എന്താ എന്റെ സ്വര്ണ്ണം തരാത്തെ...
അതേ, അന്ന് "ഭാവന" വായ്പ എടുത്തപ്പോൾ കൊറേ കടലാസ്സില് അവിടേം ഇവിടേം ഒപ്പിയത് ഓർക്കുന്നുണ്ടോ.....

പിന്നില്ലാണ്ട്....... അന്ന് ഒപ്പിട്ടൊപ്പിട്ടൊപ്പിട്ടു വിരല് തേഞ്ഞതു ഇപ്പോഴും മറന്നിട്ടില്ല സാറേ.... 
അതിലൊരു കടലാസ്സില് "1872 ലെ ഇന്ത്യന്‍ കരാര്‍ നിയമം 11ാം വകുപ്പനുസരിച്ച് ജനറല്‍ ലീന്‍ പ്രകാരം ഈട് വസ്തു കൈവശം വെക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്ന" ഒരു വകുപ്പ് ഉണ്ടായിരുന്നു....വായിച്ചിരുന്നില്ലേ?

സാറേ മനുഷ്യന് എങ്ങനെയും ഒരു വീട് വെക്കാൻ കാശിനു നെട്ടോട്ടം ഓടി , "ഭാവന" വായ്പ ശരിയാക്കി വരുമ്പോൾ കണ്ണിനു പിടിക്കാത്ത അക്ഷരങ്ങൾ കോർത്തിണക്കിയ വാക്കുകളെ ചേർത്ത് വെച്ച് എഴുതിയിരിക്കുന്ന വാചകങ്ങൾ വായിക്കുവാൻ എവിടെ നേരം.

എന്നാ അനുഭവിച്ചോ..... സ്വര്ണ്ണം തരാൻ പറ്റില്ല. അത് ഈട് വസ്തുവിൽ ഞങ്ങൾ അങ്ങ് ചേർത്തു.
ദെ സാറേ ഒരു കാര്യം പറഞ്ഞേക്കാം....ഇതുവരെ സാറേ എന്ന് വിളിച്ച വായും കൊണ്ട് ........... എന്ന് വിളിപ്പിക്കല്ലേ.....

താൻ എന്തുവാന്നു വെച്ചാ വിളിച്ചിട്ട് പോടോ.... ഞങ്ങളേ, പരമ ചെറ്റകളാ... മനുഷ്യ പറ്റില്ലാത്ത പിശാചുക്കളാ.... താൻ "ഭാവന" വായ്പ തീര്ത്തിട്ടു വരുമ്പോൾ സ്വര്ണ്ണം തിരികെ തരാം.......

എന്നാ നമുക്ക് ബഹുമാനപെട്ട കോടതിയിൽ കാണാം.....

ഓ പിന്നേ...താനങ്ങു ഒലത്തും ബഹുമാനപെട്ട കോടതിയിൽ പോയാല്.....താൻ വേണേല് ദാ ഈ വിധി കൊണ്ടുപോയി വായിച്ചു പഠിക്ക്,  എന്നിട്ട് ചെല്ല്... 
//വാർത്ത - മാധ്യമം പത്രം-09.01.2014
വായ്പക്ക് നല്‍കിയ ഈട് അതേ ബാങ്കില്‍ മറ്റൊരു ലോണിന്‍െറ ഈടായി നിലനിര്‍ത്താം -ഹൈകോടതി
കൊച്ചി: ബാങ്ക് വായ്പക്ക് നല്‍കിയ ഈട് അതേ ബാങ്കില്‍നിന്നുള്ള മറ്റൊരു ലോണിന്‍െറ ഈട് വസ്തുവായി നിലനിര്‍ത്തുന്നതിന് തടസ്സമില്ളെന്ന് ഹൈകോടതി. വായ്പ തിരിച്ചടക്കാന്‍ വീഴ്ചവരുന്ന പക്ഷം ഈ ഈട്വസ്തു വില്‍ക്കുന്നതിനും ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി. സ്വര്‍ണാഭരണം പണയപ്പെടുത്തിയും പ്രോമിസറി നോട്ടിന്‍െറ അടിസ്ഥാനത്തിലും രണ്ട് വായ്പ ഒരേ ബാങ്കില്‍നിന്ന് എടുത്തിട്ടുണ്ടെങ്കില്‍ സ്വര്‍ണപ്പണയത്തിന്‍െറ കുടിശ്ശിക അടച്ച് തീര്‍ത്താലും നിലവിലെ ലോണിന്‍െറ ഈടായി സ്വര്‍ണാഭരണം പിടിച്ചുവെക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കരുനാഗപ്പള്ളി തഴവ സ്വദേശി നകുലന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരന്‍ 2013 ജനുവരി 31ന് മൂന്നു വര്‍ഷത്തെ കാലാവധിയില്‍ കനറാ ബാങ്കില്‍നിന്ന് 25,000 രൂപയുടെ പേഴ്സനല്‍ ലോണെടുത്തു. കൂടാതെ 46.700 ഗ്രാം സ്വര്‍ണാഭരണം പണയപ്പെടുത്തി 85,000 രൂപയും കൈപ്പറ്റി. സ്വര്‍ണാഭരണത്തിന്‍െറ കുടിശ്ശിക അടച്ചു തീര്‍ത്തെങ്കിലും ബാങ്ക് ആഭരണം തിരികെ നല്‍കാത്തത് ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, 31,147 രൂപ പേഴ്സനല്‍ ലോണില്‍ ഹരജിക്കാരന്‍ ബാങ്കിന് നല്‍കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വര്‍ണാഭരണം വിട്ട് നല്‍കാനാവില്ളെന്നുമായിരുന്നു ബാങ്കിന്‍െറ വാദം.
1872 ലെ ഇന്ത്യന്‍ കരാര്‍ നിയമം 11ാം വകുപ്പനുസരിച്ച് ജനറല്‍ ലീന്‍ പ്രകാരം ഈട് വസ്തു കൈവശം വെക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്ന ബാങ്കിന്‍െറ വാദം കോടതി ശരിവെച്ചു. ഇത് സംബന്ധിച്ച് സിന്‍ഡിക്കേറ്റ് ബാങ്ക് കേസില്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുള്ളതായും കോടതി വ്യക്തമാക്കി.
ബാങ്കില്‍നിന്നുള്ള ലോണ്‍ തുക പൂര്‍ണമായും തിരികെ നല്‍കുന്നതുവരെ ഏതു തരം ഈട് വസ്തുവും ബാങ്കിന് കൈവശം വെക്കാന്‍ അധികാരമുണ്ട്. ബാങ്കുമായി ഇത്തരത്തില്‍ കരാറുണ്ടാക്കിയിട്ടില്ളെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം. സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെന്നും വായ്പ കുടിശ്ശിക തീര്‍ത്താല്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
 //

No comments: