Thursday, July 12, 2012

എനിക്ക് ഇഷ്ട്ടപെട്ട ബീച്ച്

കേരളത്തിലെ നിങ്ങളുടെ ഇഷ്ട്ടപെട്ട ബീച്ച് ഏതു എന്നായിരുന്നല്ലോ എന്‍റെ ചോദ്യം. പല ഉത്തരങ്ങളും കിട്ടി. സന്തോഷം. ഓരോരുത്തവര്‍ക്കും ഓരോരോ ഇഷ്ട്ടങ്ങള്‍ ആകുമല്ലോ.എനിക്കും അങ്ങനെ ഒരു ഇഷ്ട്ടമുണ്ട്. തിരുവന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള, മനുഷ്യന്‍മാര്‍ മനസ്സിന്‍റെ സന്തോഷത്തിനായി പോകുന്ന ഒട്ടുമിക്ക ബീച്ചുകളിലും പോകുവാന്‍ സാധിച്ചിട്ടുണ്ട്.

അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്,അല്ലെങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌ "വര്‍ക്കല" ബീച്ച്. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്‍റെ ഹൃദയം കവര്‍ന്ന തീരം. അത് "വിദേശികളായ" മദാമ്മമാര് "സണ്‍ബാത്തി" ന് തുണിയില്ലാതെ നനഞ്ഞ മണലിനോട്‌ സ്വകാര്യം പറഞ്ഞു എല്ലാം മറന്നു എല്ലാം തുറന്നിട്ട്‌ കിടക്കുന്ന കാഴ്ച്ചകള്‍ കണ്ടത് കൊണ്ടൊന്നുമല്ല.




ഓരോ യാത്രയും ഓരോ കൌതുക കാഴ്ച്ചയെന്നു ഞാന്‍ എന്നോ പറഞ്ഞിരുന്നല്ലോ. ഈ യാത്രകള്‍ ഒക്കെ എങ്ങനെ നമ്മളെ തേടി വരുന്നു? എന്ത് കൊണ്ട് ഞാന്‍ യാത്രയെ ഇത്ര മാത്രം സ്നേഹിക്കുന്നു. അതിനു ഒരേ ഒരു ഉത്തരം. എന്‍റെ സ്കൂള്‍ പഠന കാലത്ത് എനിക്ക് നിഷേധിക്കപ്പെട്ട വിനോദയാത്രകള്‍!!!!!

ചെങ്ങന്നൂര് താമസിക്കുന്ന ഞാന്‍ എങ്ങനെ വര്‍ക്കല കണ്ടു.അതും ഒരു ഓര്‍ത്തഡോക്‍സ്‌കാരന്‍. ജന്മം കൊണ്ട് ഒരു ഈഴവന്‍ ആയിരുന്നെങ്കില്‍ ഗുരുദേവന്‍റെ സമാധി സ്ഥലം സന്ദര്‍ശിക്കുവാന്‍ എങ്കിലും പോയതായിരുന്നു എന്ന് പറയാം. അവിടെയാണ് നമ്മുടെ ചങ്ങാതികള്‍ നമുക്ക് തുണയാകുന്നത്. ഡിഗ്രി പഠനം കഴിഞ്ഞു ഉപരിപഠനാര്‍ഥം ഈറോഡിലേക്ക് ചെന്നപ്പോള്‍ എനിക്ക് കിട്ടിയ ചങ്ങാതികള്‍ പലയിടത്തും നിന്നും വന്നവര്‍.ചെങ്ങന്നൂരിനു വളരെ അടുത്തുള്ള പ്രദേശങ്ങളായ പുല്ലാട്-കുരങ്ങഴ, എടത്വ, തൃക്കൊടിത്താനം തുടങ്ങി അല്‍പ്പം അകലെയുള്ള ചാത്തന്നൂരും വര്‍ക്കലയും ഒക്കെ എനിക്ക് പോകുവാന്‍ ഒരു കാരണം ഉണ്ടായത് എന്‍റെ കൂടെ പഠിക്കുന്ന ചങ്ങാതികളുടെ വീട് ഇവിടൊക്കെ ആയിരുന്നു എന്നത്. അതിനു മുന്‍പ് എത്രയോ തവണ ഞാന്‍ വര്‍ക്കല വഴി കൂകി പായുന്ന തീവണ്ടിയില്‍ തിരുവന്തപുരത്തിന് പോയിരിക്കുന്നു. അന്നൊന്നും ഇത്ര മനോഹരമായ ഒരു കടാപ്പുറവും ചുറ്റുപാടും വര്‍ക്കലയില്‍ ഉണ്ടെന്നു അറിയില്ലായിരുന്നു. ഓരോന്നിനും ഓരോ നേരം.

പുതിയതായി കിട്ടിയ ചങ്ങാതികളില്‍ ചിലര്‍ കുറച്ചു കാലം, എന്ന് പറഞ്ഞാല്‍ മധുവിധു കാലം മാത്രം എന്‍റെ "സഹവീടരും" മൂന്നു വര്‍ഷം എന്‍റെ സഹപാഠികളും ആയിരുന്നു. അതില്‍ Jojin Emmess, Rajesh എന്നവരുടെ വീട് ഈ വര്‍ക്കലയില്‍ ആണ്. ഈ കൂട്ടത്തിലെ Jojin Emmess ന്‍റെ ചേട്ടന്‍ Johash Shaffi ഉം അതെ കാലഘട്ടത്തില്‍ ഈറോഡിനടുത്ത് തിരുച്ചന്‍കോട് പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ആ സഹോദരങ്ങളുടെ ആത്മാര്‍ഥമായ ക്ഷണം സ്വീകരിച്ചാണ് "വര്‍ക്കല" എന്ന ദേശത്ത് ആദ്യം കാലുകുത്തുന്നത്.

പറഞ്ഞു പറഞ്ഞു കാട് കയറി. എന്‍റെ ഒരു കുഴപ്പമിതാണ്. പറഞ്ഞു പറഞ്ഞു എവിടെല്ലാമോ പോകും. അതാണ്‌ ശരിയെന്നാണ് എന്‍റെ ധാരണ.

എന്തിനേറെ പറയുന്നു. വളരെ മനോഹരമായ ഒരു ബീച്ച്. എനിക്ക് ഏറെ ഇഷ്ട്ടപെട്ടത്‌ ബീച്ചിനു അതിരായി നെടുനീളത്തില്‍ ഒരു നാല്‍പ്പതു അമ്പതു അടി പൊക്കത്തില്‍ കീഴ്ക്കാം തൂക്കായി നില്‍ക്കുന്ന മലനിരകള്‍.കാണേണ്ട കാഴ്ച്ച തന്നെ. ഞാന്‍ പോയിരിക്കുന്ന മറ്റൊരു ബീച്ചിനും ഏഴയലത്തുപോലും മലനിരകളും കുന്നും പോയിട്ട് ഒരു മണ്‍കൂന പോലും കണ്ടിട്ടില്ല, മാത്രമല്ല എല്ലാം സമതല പ്രദേശത്തുമാണ്.

സാധാരണ ബീച്ചില്‍ നിന്നാല്‍ നമുക്ക് കടലിന്‍റെ എത്ര കാഴ്ച്ച കിട്ടും?ഞങ്ങള്‍ പതുക്കെ ഈ മലനിരയുടെ മുകളിലേക്ക് പോയി. ഓ ദൈവമേ, അവര്‍ണ്ണനീയം ആ കാഴ്ച്ച. എത്രയോ അടി ഉയരത്തില്‍ നിന്ന്,മേഘങ്ങള്‍ അതിരിടുന്ന അനന്തമായ സാഗരത്തിന്‍റെ വിശാലമായ കാഴ്ച്ച ആരെയാണ് മത്തുമിടിപ്പിക്കാത്തത്. അതോടൊപ്പം ചീറി അടിക്കുന്ന കാറ്റില്‍, ശുദ്ധമായ വായു ശ്വസിച്ചു എല്ലാം മറന്നു നമ്മള്‍ കയറി നില്‍ക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ 13 ലക്ഷം വര്‍ഷം മുതല്‍ 2.5 കോടി വര്‍ഷം വരെ പഴക്കമുള്ള ലാറ്ററൈറ്റ് നിക്ഷേപമുള്ള മലയുടെ മുകളില്‍ എന്നും കൂടെ അറിയുമ്പോള്‍ എന്താണ് മനസ്സിന്‍റെ ഉള്ളിലെ ചിന്തകള്‍. അതുകൊണ്ട് തന്നെയാണ് "ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ" വര്‍ക്കലയുടെ ഈ പൈതൃകത്തെ രാജ്യത്തെ "ആദ്യ ഭൌമ ഉദ്യാനം" ആയി പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുന്നത്.

അപ്പോള്‍ മറക്കരുത്. ഒരവധി ദിവസം ആഘോഷിക്കണം എങ്കില്‍ ഒന്നും ആലോചിക്കുവാനില്ല നേരെ വര്‍ക്കലയ്ക്ക് വെച്ച് പിടിക്കുക.


കേരള സര്‍വ്വകലാശാലയില്‍ ഡിഗ്രിക്ക് "ജിയോളജി" മുഖ്യ വിഷയം ആയി പഠിക്കുവാന്‍ ഈ അടുത്തകാലം വരെ ആകെ ഉണ്ടായിരുന്നത് വര്‍ക്കല S .N കോളേജ് മാത്രമായിരുന്നു എന്നത് എത്ര പേര്‍ക്കറിയാം.

Sunday, July 8, 2012

തരുമോ ഒരല്‍പം ദാഹജലം

 ഇവിടെ പ്രവാസ ജീവിതത്തില്‍,എന്‍റെ മുറിയിലെ ജനലിന്‍റെ പടിയില്‍ ദിനവും രണ്ടു അതിഥികള്‍ എത്താറുണ്ട്.ബാല്യത്തില്‍, നിര്‍ഭാഗ്യങ്ങളെ ഓടിച്ചു വിടുവാന്‍ ശക്തിയുണ്ട് എന്ന് വിശ്വസ...ിച്ചിരുന്ന "മൈന" എന്ന് തെറ്റിദ്ധരിച്ചു വിളിച്ചിരുന്ന "മാടത്ത". നമ്മുടെ നാട്ടിലെ പോലെ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം കാക്കകളെ അല്ല കാണുന്നത്, മറിച്ചു മാടത്തകളെയാണ് ഇവിടെ കാണുന്നത്. വല്ലപ്പോഴും ഒന്നോ രണ്ടോ കാക്കകളെ കണ്ടാലായി. ഇവര്‍ പക്ഷെ നാട്ടിലെ പോലെ തന്നെയാണ്. ഇണകളായെ തീറ്റ തേടി നടക്കാറൂള്ളൂ.പക്ഷെ ഒരു വ്യത്യാസം ഉണ്ട്. സായംസന്ധ്യക്ക്‌ കൂടുകളില്‍ ചേക്കേറാറില്ല.രാത്രി പത്തുമണിക്കും നിയോണ്‍ വെളിച്ചത്തില്‍ തീറ്റ തേടുന്ന "മാടത്ത" കളെ ഈ ഒമാന്‍ ജീവിതത്തില്‍ കാണുന്നു.




 ഗള്‍ഫ്‌ പ്രദേശങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ കഠിന വേനല്‍ ആണെന്ന് അറിയുമല്ലോ.അതിനാല്‍ എന്‍റെ മുറിയുടെ ജനലിനരികില്‍ ഒരിത്തിരി വെള്ളം വെക്കുന്ന പതിവ് തുടങ്ങിയട്ടു രണ്ടാഴ്ച്ചയാകുന്നു. ആ വെള്ളം കുടിച്ചു അല്‍പ്പം വിശ്രമിച്ചു, മുറിയിലെ ഏ.സി.യുടെ കുളിര്‍മ്മ ജനലിനോട്‌ ചേര്‍ന്നിരുന്നു അല്‍പ്പം ആസ്വദിക്കുക എന്നത് ആ ഇണകളുടെ ദിനചര്യ ആയി മാറിയിരിക്കുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആണിവ.

പക്ഷികളോട് പണ്ട് മുതലേ ഉള്ള ഇഷ്ട്ടം കൊണ്ടാകാം ഈ ഇണകളെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പക്ഷികളോട് എങ്ങനെ ഇത്ര ഇഷ്ട്ടം തോന്നി എന്നതിന് കാരണം അന്യേഷിക്കുമ്പോള്‍, പക്ഷികളെയും നായകളെയും ഒത്തിരി സ്നേഹിക്കുന്ന ഒരപ്പന്‍റെ മകന്‍ ആയതിനാല്‍ എന്ന് ഉത്തരം. ഏറണാകുളത്ത് ജോലിയുള്ള അപ്പന്‍, ജോലി കഴിഞ്ഞു വരുമ്പോള്‍ പലപ്പോഴായി കൊണ്ട് വന്നിരുന്ന മലതത്ത(നമ്മുടെ സാധാരണ തത്തയെകാള്‍ മൂന്നു നാലിരട്ടി വലുപ്പം), കാട്ടുമൈന( ദേഹത്ത് മുഴുവന്‍ കറുത്ത തൂവലോട് കൂടി, ചെവിയടവിടെ കടുംമഞ്ഞ നിറത്തില്‍ കിടക്കുന്ന താട) പിന്നെ ആദ്യം വളര്‍ത്തിയ നാട്ടുതത്ത അങ്ങനെ എന്തെല്ലാം.ആഫ്രിക്കന്‍ ലവ് ബേര്‍ഡ്സ്, ഫിന്‍ഞ്ചസ്, കോക്കറ്റയില്‍,ജാവ ബഡ്ജീസ്‌ അപൂര്‍വ്വമായ ഗോള്‍ഡന്‍ ഫിന്‍ഞ്ചസ്, കൊക്കാറ്റൂ, ബ്ലാക്ക്‌ കാപ് ലോറി, ക്രിംസണ്‍ റോസല്ല, വെസ്റ്റേണ്‍ റോസല്ല...കൂട്ടത്തില്‍ കുറെയേറെ പ്രാവുകളും. എത്രയോ തരം പക്ഷികളെ എത്രയോ കാലം വളര്ത്തിയിരിക്കുന്നു. അതൊരു കാലം.....ഇതില്‍ ബ്ലാക്ക് ക്യാപ് ലോറിയെ വളര്‍ത്തിയതാണ് ഒന്നൊന്നര സംഭവം. ഭക്ഷണം എന്തെന്നറിയുമോ? കുഞ്ഞുങ്ങള്‍ക്ക്‌ കലക്കി കൊടുക്കുന്ന "സെര്‍ലാക്" തേന്‍ ഒഴിച്ച് കലക്കി വെച്ചാല്‍ കുടിക്കും.പിന്നെ ഓറഞ്ച് കൊടുത്താല്‍ നീര് ഊറ്റി കുടിക്കും.....

പക്ഷെ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് അമ്മയുടെ സഹോദരിയുടെ മോന്‍ തന്ന, കണ്ണ് പോലും വിരിയാത്ത രണ്ടു ദിവം മാത്രം പ്രായമുള്ള ഒരു തത്തകുഞ്ഞു.ഏകദേശം ഒരാഴ്ചയോളം സ്പൂണിന്‍റെ ചുവട്ടില്‍ വെച്ച്,കണ്ണ്കീറാത്ത തത്തകുട്ടന് പൊടിയരി കഞ്ഞി പാലില്‍ ചേര്‍ത്ത് വാരി കൊടുത്തിരിക്കുന്നു. കണ്ണ് കീറി പിന്നെയും ഏകദേശം ഒരു മാസത്തോളം എന്‍റെ കയ്യുടെ ചൂണ്ടുവിരലിലും തള്ളവിരലിനും ഇടയില്‍ ചേര്‍ത്തുപിടിച്ചു പല തീറ്റകളും കൊടുത്തു.എന്തിനധികം പറയുന്നു,പന്ത്രണ്ടു വര്‍ഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു അവന്‍.അവന്‍റെ ചുണ്ടില്‍ നിന്നും എനിക്ക് കിട്ടിയിരിക്കുന്ന ഉമ്മകള്‍ക്കു കണക്കുവെച്ചാല്‍ അത് എത്രെയോ ആയിരങ്ങള്‍ക്ക് മേലെ. എന്‍റെ വീട്ടിലെ പേരായ ജെനിന്‍ എന്നത്, പപ്പാ വിളിക്കുന്നത്‌ പോലെ ജെനിനെ എന്ന് എത്രയോ തവണ അവന്‍ നീട്ടി വിളിച്ചിരിക്കുന്നു.

ഉസ്താദ് ഹോട്ടല്‍

ഉസ്താദ് ഹോട്ടല്‍ കണ്ടു.ഒത്തിരി നല്ല ഒരു സിനിമ.
തിലകന്‍ ചേട്ടന്‍ ജീവിച്ചഭിനയിക്കുന്നു.സമൂഹത്തിനു ആണ്‍കുട്ടിയോടുള്ള അഭിനിവേശം ശരിയായി ചിത്രീകരിച്ചിരിക്കുന്നു.
കുടുംബക്കാര്‍ യാഥാസ്ത്ഥിതികരാണ് താന്‍ അങ്ങനെയല്ല എന്ന് പറയുന്ന നായികയെ അങ്ങനെ ഒരുക്കിയെടുക്കുവാന്‍ സംവിധായകന്‍ സ്വീകരിക്കുന്ന വഴി ഉള്‍ക്കൊള്ളുവാന്‍ അല്‍പ്പം ബുദ്ധിമുട്ട്.

തലമുറകള്‍ തമ്മിലുള്ള അന്തരം,ഒരു സുലൈമാനി കുടിക്...കുന്ന മൊഹബത്തോടെ പ്രേഷകര്‍ സ്വീകരിക്കുവാന്‍ വേണ്ട ചേരുവകള്‍ ചേര്‍ത്തിളക്കി നന്നായി പാകപ്പെടുത്തി കോയിക്കോടന്‍ മസാല ബിരിയാണി പരുവത്തില് വിളമ്പിയിരിക്കുന്നു.അമ്മായിക്ക് വട്ട് അല്‍പ്പം കൂടി പോയോ എന്നൊരു സംശയം.

പൂര്‍ണ്ണമായും മദ്യം ഒഴിവാക്കി മലയാളത്തില്‍ ഇനിയും ഒരു പടം നിര്‍മ്മിക്കുവാന്‍ സാധിക്കില്ല എന്ന് ഉസ്താദും തെളിയിച്ചിരിക്കുന്നു.പക്ഷെ ഒന്നുണ്ട്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പോലെ ഇതില്‍ ആകെ പത്തുമിനിട്ടു കുടിസീന്‍ ഉള്ളു എന്നതൊരു ആശ്വാസം. കുടി സീന്‍ തീരെ ഇല്ലാത്തത് കൊണ്ട് തന്നെ കുപ്പി കയ്യിലുള്ളപ്പോള്‍ മാത്രം പുറത്തേക്കു വരുന്ന കോമഡികളും കുറവ്.

മധുരയിലുള്ള നാരായണന്‍ കൃഷ്ണന്‍ 

എന്ന യഥാര്‍ത്ഥ ജീവിതത്തിലെ മനുഷ്യനെ സിനിമയില്‍ കൊണ്ടുവന്നു വളരെ നല്ലൊരു സന്ദേശം സമൂഹത്തിനു പകര്‍ന്നു നല്‍കുവാന്‍ കഴിഞ്ഞിരിക്കുന്നു.എനിക്ക് തോന്നുന്നത്, ഈ വ്യക്തിയുടെ ജീവിതം വായിച്ചറിഞ്ഞ സംവിധായകന്‍,ആ പ്രമേയത്തിലേക്ക് ഉസ്താദിനേയും തലമുറയെയും ഒക്കെ കൂട്ടിച്ചേര്‍ക്കുക ആയിരുന്നിരിക്കണം എന്ന്. നായകനും കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുന്നു.

പെരുമണ്‍ തീവണ്ടി ദുരന്തത്തിനു ഇന്ന്(08.07.2012 ) വയസ്സ് 24


105 ജീവിതങ്ങളെ അഷ്ട്മുടി കായലിലേക്ക് "റെയില്‍വേ" യുടെ ഭാഷ്യത്തില്‍ ടൊര്‍ണ്ണാഡോ തള്ളിയിട്ടത്തിന്‍റെ വാര്‍ഷിക ദിനം. അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. സാധ...ാരണ പോലൊരു ദിനം. കേരളം മുഴുവന്‍ ആര്‍ത്തലച്ചു പെയ്യുന്ന മണ്‍സൂണ്‍. കേരള മനസ്സില്‍ അല്ല ലോകമെങ്ങുമുള്ള മലയാളീ മനസ്സില്‍ ആ വെള്ളിയാഴ്ച്ച പെട്ടെന്നാണ് ഒരു കറുത്ത വെള്ളിയായി മാറിയത്. അന്നത്തെ ബംഗ്ലൂരില്‍ നിന്നും കന്യാകുമാരിക്കുള്ള യാത്രയില്‍ "ഐയ്‌ലന്‍ഡ് എക്സ്പ്രസ്" എന്ന പേരോട് കൂടിയ 6526 ആം നമ്പര്‍ തീവണ്ടി, ഏകദേശം ‍ഒരുമണി സമയത്താണ് പത്തോളം ബോഗികളുമായി പെരുമണ്ണിനു അടുത്തുള്ള അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. നാലോളം ബോഗികള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വെള്ളം കുടിച്ചു ശ്വാസം മുട്ടി 105 ജീവിതങ്ങള്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞപ്പോള്‍ ഏകദേശം 200 പേരോളം പരുക്കുകളുമായി വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഒട്ടനവധി പേരുടെ ജീവന്‍ രക്ഷിച്ചത് ആ പ്രദേശത്തെ ഉള്‍നാടന്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന പാവം മുക്കുവര്.


ഒരു ഐലന്റിലൂടെയും കടന്നു പോകുന്നില്ല എങ്കിലും,ഇന്നും ഐലന്റ് എന്ന പേരില്‍ 16526 ആം നമ്പരായി ആ വണ്ടി ഓടുന്നു. പണ്ട് ബംഗ്ലൂരില്‍ നിന്നും കൊച്ചിന്‍ ഹാര്‍ബര്‍ സ്ഥിതിചെയ്യുന്ന "വെല്ലിംഗ്ടണ്‍ ഐലന്റ്" വരെ ഈ തീവണ്ടി ഓടിയിരുന്നപ്പോള്‍ കിട്ടിയ പേരാണ് ഇന്നും അതിനു. 


അറുപതു ശതമാനം പോലും പൂര്‍ണ്ണം അല്ലെങ്കിലും ഇങ്ങനെ ഒരു വീഡിയോ നിര്‍മ്മിച്ച പ്രവീണിന് ഈ കൂട്ടത്തില്‍ അഭിനന്ദനങ്ങള്‍!



അന്ന് ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. എന്നത്തെ പോലെ അന്നും സ്കൂള്‍ വിട്ടു SPMS ബസ്സില്‍ അമ്മയോടൊപ്പം തിരികെ പത്തിച്ചിറയിലെ മറ്റം സെയിന്റ് ജോണ്‍സില്‍ നിന്നും ചെങ്ങനൂരിലേക്ക്. കൂട്ടത്തില്‍ മൂന്നാം ക്ലാസ്സുകാരന്‍ അനിയനും. ഇന്നത്തെപോലെ മൊബൈലും വാര്‍ത്താ ചാനലുകളും ഒന്നുമില്ലാത്ത കാലം. ബസ്‌ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴാണ് ആ വാര്‍ത്ത ആദ്യം കേള്‍ക്കുന്നത്. പെരുമണ്ണില്‍, ട്രെയിന്‍ കായലിലേക്ക് മറിഞ്ഞെന്നും ഒത്തിരി പേര്‍ മരിച്ചെന്നും. കായലെന്ത്, തടാകം എന്തന്നൊന്നും അത്രയ്ക്കങ്ങോട്ട് അറിയില്ലെങ്കിലും (അതിന്റെ വേര്‍തിരിവുകള്) ട്രെയിന്‍ എന്നത് എന്നെ ആ കേള്‍വിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. കാരണം ഞങ്ങള്‍ പുതിയതായി വെച്ച വീട്ടില്‍ നിന്നാല്‍, ഏകദേശം 200 മീറ്റര്‍ ദൂരത്തൂടെ പാഞ്ഞ്‌ പോകുന്ന തീവണ്ടി കാണാം. ഒന്ന് രണ്ടു വണ്ടികള്‍ മാത്രമേ ചീറി പാഞ്ഞു പോകാറുള്ളു. അതിനു എന്‍റെ നാട്ടില്‍ അന്ന് സ്റ്റോപ്പ്‌ ഇല്ല. പക്ഷെ ഇന്നങ്ങനെയല്ല. കേരളത്തില്‍ എവിടെ നിര്ത്തിയില്ലേലും ചെങ്ങന്നൂരില്‍ ഏതു ട്രെയിനും നിര്‍ത്തും.ആ ശബ്ദം ജീവിതത്തിന്റെ ഭാഗം ആയിട്ട് കുറച്ചേറെ കാലം ആകുന്നു.



അന്നത്തെ തുടര്‍യാത്രയില്‍ എന്‍റെ ചിന്തകള്‍ എത്രയോ തവണ ഞാന്‍ ഒരിക്കലും കാണാത്ത പെരുമണ്ണിലും പരിസരത്തും യാത്ര ചെയ്തെന്നറിയുമോ? എത്രേം വേഗം വീട്ടില്‍ ഒന്ന് ചെന്നാല്‍ മതിയെന്ന് മനസ്സില്‍ ആഗ്രഹം. അതിനു മുന്‍പ് കേട്ടറിഞ്ഞിട്ടുള്ള ക്രെയിന്‍ എന്ന സാധനം ഇന്ന് കാണുവാന്‍ പറ്റും എന്ന് മനസ്സില്‍ ഒരു തോന്നല്‍. ട്രെയിന്‍ മറിഞ്ഞാല്‍,അത് പൊക്കിയെടുക്കണം എങ്കില്‍ ക്രെയിന്‍ വേണം,എല്ലാ സ്റ്റേഷനിലും മറ്റു വണ്ടികള്‍ നിറുത്തിയിടും കൂകി പാഞ്ഞു ക്രെയിനും കൊണ്ട് പോകുന്നത് കാണുക ഇത് മാത്രമായി മനസ്സിലെ ആഗ്രഹം.

വീട്ടില്‍ ചെന്നുകഴിഞ്ഞപ്പോള്‍ മുതല്‍ ചെവി വട്ടം പിടിക്കുവാന്‍ തുടങ്ങി. എങ്ങാനും ഒരു വിസിലടി കേള്‍ക്കുന്നോ എന്ന്. എന്തായാലും എന്‍റെ ആഗ്രഹം പോലെ വീട്ടില്‍ ചെന്ന് കഴിഞ്ഞു ഏകദേശം 6 - 6 .10 pm നു എറണാകുളം ഭാഗത്തുനിന്നും എന്‍റെ മനസ്സ് നിറച്ചുകൊണ്ട് അതുവരെ കാണാത്ത സ്പീഡില്‍ ഒരു വണ്ടി കടന്നു പോയി. ഞാന്‍ മനസ്സില്‍ കണ്ടത്ര വലുപ്പമില്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ഒരു ക്രെയിനും മരുന്നുകളും ഉപകരണങ്ങളുമായി കുറച്ചു ബോഗികളും. അപ്പോഴേക്കും 06.15 pm ന്റെ ‍ പ്രാദേശിക വാര്‍ത്തയ്ക്കു സമയം. അതിലൂടെയാണ് ഔദ്യോഗിക അറിയിപ്പ് ആദ്യമായി കേള്‍ക്കുന്നത്. അപ്പോള്‍ 50-55 ആയിരുന്നു മരണ നിരക്ക് എന്നാണു ഓര്‍മ്മ. ഏതായാലും പിറ്റേന്ന് പത്രം വന്നപ്പോഴാണ് ഒരു പൂര്‍ണ്ണ ധാരണ കിട്ടിയത്.ഒരാഴ്ച്ചയോളം ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ടു.

ഈ അപകടത്തില്‍ ആണ് ഞാന്‍ ആദ്യമായി ഖലാസികളെയും അവരുടെ പ്രവര്‍ത്തനവും അറിയുന്നത്. അപകട കാരണം ഇന്നും അജ്ഞാതം. ഇന്നുവരെയും റയില്‍വേയിലെ പരസ്യമായ രഹസ്യം ആണ് അപകടത്തിന്റെ യഥാര്‍ത്ഥ കാരണം. ഈ അപകടം പ്രമേയം ആക്കി വെള്ളിത്തിരയില്‍ എത്രയോ സിനിമകള്‍. അതില്‍ മികച്ചത് "കേരള കഫേ" യിലെ "ഐലന്റ് എക്സ്പ്രസ്സ്‌" എന്ന ഷോര്‍ട്ട് ഫിലിം.

ഇന്ന് ഈ ഓര്‍മ്മ ദിവസം, അന്ന് പ്രാണന്‍ നഷ്ട്ടപെട്ട എല്ലാ ആത്മാക്കള്‍ക്കും എന്റെ അശ്രുപൂജ.