Monday, March 19, 2012

കേരളം ഉത്സവലഹരിയില്‍- "ഇളനീരി" നെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിരിക്കുന്നു.

             കേരളത്തിന്‍റെ ഔദ്യോഗിക പാനീയം എന്ന സ്ഥാനം "2012 ഏപ്രില്‍ 1" മുതല്‍ "ഇളനീരിനു" നല്‍കുവാന്‍  തീരുമാനം ആയ വിവരം  ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം കയ്യടിച്ചു സ്വാഗതം ചെയ്തു.വാര്‍ത്ത പുറത്തു വന്നതോടെ കേരളം മുഴുവന്‍ ആനന്ദ സാഗരത്തില്‍   ആറാടുകയാണ്.



 
             സ്വന്തം നാട്ടില്‍ നിന്നുണ്ടായ  ക്രൂരമായ പീഡനത്തില്‍ മനംനൊന്ത് എന്നോ നാട് വിട്ടു,  സമീപ നാട്ടില്‍ ചേക്കേറിയ "ഇളനീര്‍"  കടന്നു വരാന്‍ സാധ്യതയുള്ള എല്ലാ അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ വമ്പിച്ച സ്വീകരണ പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്.(റബര്‍ പാല് പോലെ വിലയില്ലാത്ത നിന്നെ എന്തിനു   തീറ്റി  പോറ്റുന്നു, മണ്ടരി   വന്ന  നിന്‍റെ  നീരില്ലാത്ത  മണ്ട
ഞങ്ങള്‍ക്കെന്തിനു എന്ന് സ്ഥിരമായി ചോദ്യങ്ങള്‍ ചോദിച്ചു  മാനസികമായും ശാരീരികമായും പീഡിപ്പിക്കുക ആയിരുന്നു എന്നാണ് ഒരു രഹസ്യ അഭിമുഖത്തില്‍ കുമാരി "ഇളനീര്‍" വലിയ വായില്‍ കരഞ്ഞു കൊണ്ട് പറഞ്ഞത് എന്നത് ഞങ്ങള്‍ മുന്നമേ റിപ്പോര്‍ട്ട്‌ ചെയ്തത് വായനക്കാര്‍ ഓര്‍ക്കുമല്ലോ!) ഏതു വണ്ടിയില്‍ ആണ് വരുന്നത് എന്നറിയാത്തതിനാല്‍ കടന്നു വരുന്ന ഓരോ വണ്ടിയും വിശദമായ പരിശോധനക്ക് ശേഷം ആണ് കടത്തിവിടുന്നത്.സ്വീകരണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍, പ്രഖ്യാപനത്തിന് പുറകെ സാമാജികര്‍ ഒന്നടങ്കം അവരവരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെക്ക്‌ പോസ്റ്റുകളിലേക്ക്, കിട്ടിയ വാഹനത്തില്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്.ഏതായാലും കഴിഞ്ഞ കാലത്തെ തിക്ത്മായ വേദനിക്കുന്ന ഓര്‍മ്മകള്‍ക്ക് വിട ചൊല്ലുവാന്‍ ഈ പ്രഖ്യാപനത്തിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി, വഴിനീളെ ഏര്‍പ്പാടാക്കിയ സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു രാത്രി ഏറെ വൈകി എത്തിയ കുമാരി "ഇളനീര്‍" പറഞ്ഞു. ആദ്യരാത്രിയില്‍ മണിയറയില്‍ പ്രവേശിക്കുന്ന നമ്രമുഖികള്‍ 
"പിരിഞ്ഞ പാലുംവെള്ളവുമായി"  പോയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനു മാറ്റം വരുത്തി "ഇളനീരുമായി" മാത്രമേ മണിയറയുടെ പടി കടക്കാവൂ എന്ന ആള്‍ കേരള അമ്മായിയമ്മ അസ്സോസിയേഷന്‍റെ തീരുമാനം തന്നെ കോള്‍മയിര്‍ കൊള്ളിച്ചതായും കുമാരി അറിയിച്ചു. ഒരു വിലയും ഇല്ലാതെ കിടന്ന തന്നെ, സ്പിരിറ്റ്‌ പോലെ "കള്ള കടത്തിലൂടെ" സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്ന ഒരു നല്ല നാളയെ സ്വപ്നം കാണുകയാണ് എന്നും കുമാരി "ഇളനീര്‍" കൂട്ടിച്ചേര്‍ത്തു.  

ലേഖകന്‍ തുടരുന്നു:
           ഇതിനുമുന്‍പ് 2010 ല്‍, "കരിമീനിനെ" ഔദ്യോഗിക മത്സ്യം എന്ന പദവി നല്‍കി ആദരിച്ചതാണ് സമാനമായ സംഭവം.ഇതോടെ ഈ സ്ഥാനം കൈവരിക്കുന്ന ആറാമത്തെ അംഗം ആണ് ഇളനീര്‍ എന്നാണു ഔദ്യോഗിക "ജാലകം" വഴി മനസ്സിലാക്കുവാന്‍ സാധിച്ചത്.നേരത്തെ തന്നെ പദവികള്‍ നേടിയ ഔദ്യോഗിക പക്ഷി "മലമുഴക്കി വേഴാമ്പലും", ഔദ്യോഗിക മൃഗം   "ആനയും",ഔദ്യോഗിക പുഷ്പ്പം "കണികൊന്നയും", ഔദ്യോഗിക വൃക്ഷം "തെങ്ങും", ഔദ്യോഗിക മത്സ്യം "കരിമീനും" ഞങ്ങളുടെ പ്രതിനിധിക്ക് അനുവദിച്ച പ്രത്യേകം  പ്രത്യേകം അഭിമുഖങ്ങളില്‍, തങ്ങളുടേതിനു സമാനമായ പദവികള്‍ നേടിയ "ഇളനീരിനു" എല്ലാവിധ നന്മകളും ആശംസിച്ചു. 

             ഈ സ്ഥാനത്തിനായി വളരെ നാളായി കാത്തിരുന്ന "ഫ്രൂട്ടി","മാ","കൊക്ക-കോള","പെപ്സി","സെവെന്‍-അപ്പ്‌", "മോരുംവെള്ളം", "നാരങ്ങാവെള്ളം", "മധുര കള്ള്"," "പട്ട ചാരായം", "ആനമയക്കി", "മറുത"  തുടങ്ങിയവര്‍ പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്.പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുന്നതിനു മുന്നോടിയായി കൂട്ടായി ആലോചിച്ചു   ഭാവിപരിപാടികള്‍  തീരുമാനിക്കുന്നതിനായി ഒരു യോഗം ബീവറേജസിന്‍റെ ചുറ്റുവട്ടത്ത് നടത്താനും, ഇന്ന് ഈ പദവി പ്രഖ്യാപിച്ചതിനു പുറകാലേ കൂടിയ ആള്‍ കേരള ചെറുകിട വന്‍കിട പാനീയ നിര്‍മ്മാണ-വില്‍പ്പന യൂണിയന്‍റെ  അവൈലബിള്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ തീരുമാനമായി. എന്നാല്‍ എത്ര ശക്തമായ സമ്മര്‍ദ്ധങ്ങള്‍ നേരിടേണ്ടി വന്നാലും, തീരുമാനമായി മുന്‍പോട്ടു തന്നെ പോകുമെന്ന് പദവി സംബന്ധിച്ചു പ്രഖ്യാപനം നടത്തിയ മാന്യദേഹം ഒരു ചോദ്യത്തിനു ഉത്തരമായി പറഞ്ഞു.

            കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണെങ്കിലും, നാടിനു വളരെ വലിയ റവന്യു നേടിതരുന്ന   "കുടിയന്മാരുടെ" സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍  അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന ഉറപ്പു നല്‍കിയട്ട്,വഞ്ചിക്കുക ആയിരുന്നു എന്ന് സംസ്ഥാന ഭാരവാഹികള്‍ പത്ര സമ്മേളനം നടത്തി ആരോപിച്ചു. ആവശ്യങ്ങള്‍ പരസ്യം ആക്കേണ്ട എന്നതായിരുന്നു സംഘടനയുടെ ഇതുവരെയുള്ള നിലപാടെങ്കിലും,ചങ്കില്‍ കൊള്ളുന്ന തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ഉത്തരവാദിത്തപെട്ടവര്‍ കൈകൊള്ളുന്നതിനോടുള്ള  പ്രതിഷേധ സൂചകമായി,ആവശ്യങ്ങള്‍ അടങ്ങിയ നിവേദനത്തിന്‍റെ തനിപകര്‍പ്പ് പ്രസിദധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കി.

           കേരളത്തിന്‍റെ ഔദ്യോഗിക ഷോപ്പ് ആയി "ബീവറേജസ്" നെയും  ഔദ്യോഗിക പാനീയമായി "വിദേശ മദ്യ" ത്തെയും പ്രഖ്യാപിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാനപ്പെട്ട രണ്ടു ആവശ്യങ്ങള്‍.ഏതായാലും ചതിക്ക് പകരം ചതി എന്ന സമദൂര സിദ്ധാന്തത്തില്‍ ഊന്നിയ  നിലപാടെ, വരുന്ന നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാവൂ എന്നതാണ് സംഘടനയിലെ തീവ്രവാദികളായി   അറിയപ്പെടുന്ന "പട്ട" കുടിയന്മാരുടെ ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്ന സമീപനം.  

             ഇതുതന്നെ തക്കം എന്ന് കണ്ടു കേരളത്തിന്‍റെ ഔദ്യോഗിക ഫലം ആയി      "കൂഴ ചക്കയെ" പ്രഖ്യാപിക്കണം എന്നൊരാവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.കേരളത്തിന്‍റെ പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍, തുടര്‍ന്നും നെയ്യാറ്റിന്‍കര പോലെ പലതും പ്രതീക്ഷിക്കാം എന്നതുകൊണ്ട്‌ ഔദ്യോഗിക ഫലമാകാന്‍ കൂടുതല്‍ അനുകൂലമായ സാഹചര്യം "കൂഴ ചക്ക" യ്ക്കാണ് എന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ   വിലയിരുത്തല്‍. കൂട്ടത്തില്‍ "ഗ്യാസ്" വിതരണ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന തടസ്സം മൂലം "ഗ്യാസ്" കിട്ടാതെ കഷ്ട്ടപെടുന്ന നൂറുകണക്കായ ജനങ്ങള്‍ക്ക്‌ "കൂഴ ചക്ക" യെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നത് കൊണ്ട് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന തത്വത്തില്‍ അധിഷ്ട്ടിതമായ നേട്ടം ഉണ്ടാകും എന്നതും പ്രഖ്യാപനത്തെ സ്വാധീനിക്കും എന്നത്രേ  ജനസംസാരം. 

            ഈ പ്രഖ്യാപനത്തെ ആനന്ദാശ്രുക്കള്‍ പൊഴിച്ച് സ്വീകരിച്ചത് വളരെ നേരത്തെ "ഔദ്യോഗിക" പട്ടം നേടിയ തെങ്ങ് അവര്‍കള്‍ ആണ്.ആരെക്കാളും ഈ വേളയില്‍ സന്തോഷിക്കുന്നത് താനാണെനും അദ്ദേഹം വികാരത്തിന് അടിമപെടാതെ പറഞ്ഞു.തന്‍റെ കുടുംബത്തില്‍ നിന്നും ഒരാള്‍ക്കും കൂടെ "ഔദ്യോഗിക" പദവി കിട്ടുന്നതിനു പാര പണിതുകൊണ്ടിരുന്നത് താനാണെന്ന തരത്തില്‍ നാട്ടിലാകെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുബുദ്ധതികളുടെ,  തലമണ്ടക്ക്‌ കിട്ടിയ ശക്തമായ പ്രഹരമാണ്  ഈ പ്രഖ്യാപനമെന്നു അദ്ദേഹം തുടര്‍ന്നു. തന്‍റെ കുടുംബത്തില്‍ തന്നെ പലരും ഇതേപോലെ "ഔദ്യോഗിക" പദവികള്‍ക്ക് യോഗ്യരാണ്‌ എന്ന കാര്യം പറഞ്ഞതായും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍ കുടുംബകാരുടെ ഇടയില്‍ ഇപ്പോള്‍ ഇല്ലാത്ത ഒരു ഇമേജ് ഉണ്ടാക്കിഎടുക്കുവാന്‍ സാധിക്കും എന്നും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ലോകത്ത് മറ്റൊരു വൃക്ഷത്തിനും അവകാശ പെടാന്‍ പറ്റാത്ത തരത്തില്‍ ഉള്ള ഉപകാരങ്ങള്‍ ആണ് തന്നെ കൊണ്ടും തന്‍റെ കുടുംബകാരെ കൊണ്ടും നാട്ടുകാര്‍ക്ക് ഉണ്ടാകുന്നത്.

           വൈകി ലഭിച്ച ഈ അംഗീകാരത്തിനു കുമാരി "ഇളനീരി" നെ അഭിനന്ദിക്കുന്നതിനോടൊപ്പം രണ്ടു നേരത്തെ കാപ്പി കുടി 'ഇളനീര്‍" കുടിയാക്കി മാറ്റുന്നതാണ് എന്ന് ദൃഡപ്രതിജ്ഞ എടുക്കുവാനും എല്ലാ കേരളാ മക്കളെയും ആഹ്വാനം ചെയ്യുന്നു.

Friday, March 16, 2012

സച്ചിന്‍ ചരിതം,ഒരു കണ്ണു കടിക്കാരന്‍റെ കണ്ണിലൂടെ ........

ഏകദിന ക്രികറ്റ് ടീമില്‍ ലോകത്തിലേക്കും മികച്ച റാങ്കിങ്ങുമായി നില്‍ക്കുന്ന ബംഗ്ലാദേശിനോട് മരിച്ചു പൊരുതി "ശതകത്തില്‍ ശതകം" എന്ന അപൂര്‍വ്വ ലോക റെക്കോര്‍ഡിന് ഉടമയായ ശ്രീമാന്‍ ലിറ്റില്‍ മാസ്റ്റര്‍ പ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വീരാളി പട്ടും തങ്ക പതക്കവും നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കൂടാതെ ഈ ഒരു സുവര്‍ണ്ണ നിമിഷത്തിനായി കഴിഞ്ഞ 370 ദിവസങ്ങള്‍ ആയി കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരുന്ന എല്ലാ ആരാധകര്‍ക്കും, ഒലക്കേടെ മൂടും വെച്ച് തലമണ്ടക്ക്‌ ഓരോ തട്ട് കൊടുക്കാനും ഈ കൂട്ടത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആയതു സ്വീകരിക്കുവാന്‍, ആരാധകരെന്നു തെളിയിക്കുന്നതിലേക്കായി "സമ്മാനം" സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന "കുണ്ടാമണ്ടി" ഗ്രൂപ്പ് നടത്തുന്ന ചെറിയ ചെറിയ "സംഗതികളിലും" പ്രാവീണ്യം തെളിയിക്കേണ്ടതാണ്. പങ്കെടുക്കുന്നവര്‍ക്ക് വീരാളി പട്ടും തങ്കപതക്കവും ധരിച്ചു സുസ്മേരവദനനായി മന്ദസ്മിതം തൂകി നില്‍ക്കുന്ന മാസ്റ്റര്‍ പ്ലാസ്റ്ററിന്‍റെ ഓരോ ഫോട്ടോയും ഫ്രീയായി നല്‍കുന്നതാണ്.

(ഏകദിന ടെസ്റ്റിനു വരുന്നവര്‍ പ്രാവീണ്യം തെളിയിക്കേണ്ടതായ ഒന്ന് രണ്ടു ടെസ്റ്റുകള്‍ മാത്രം ഇവിടെ നല്‍കുന്നു)
1. "സച്ചിനെ നമഹ:,സച്ചിനെ സ്തുതി " എന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുഴങ്ങുന്ന ശബ്ധത്തില്‍ പത്തു തവണ അലറിവിളിക്കാന്‍ ഉള്ള കഴിവ്.
2. പത്ത് മിനിറ്റ് സമയത്തിനുള്ളില്‍ "സച്ചിനെ നമഹ:,സച്ചിനെ സ്തുതി "എന്ന വാചകം അക്ഷരതെറ്റോ, കുത്തും കോമയുമോ നഷ്ട്ടപെടാതെ ഏറ്റവും കൂടുതല്‍ പ്രാവശ്യം എഴുതുക.

NB:-മത്സരത്തിനു വരുന്നവര്‍ സ്വന്തം പേന, അവനവന്‍റെ തൊണ്ട തുടങ്ങിയവ മാത്രം ഉപയോഗിക്കുക. അല്ലാത്തവരെ നിര്‍ദാക്ഷിണ്യം പുറത്താക്കുന്നതാണ്.

മുന്നറിയിപ്പ്: തൊണ്ട പൊട്ടി കുരവള്ളി പുറത്ത് ചാടിയാല്‍ പരിപാടിയുടെ സംഘാടകരോട് യാതൊരുവിധ നഷ്ട്ടപരിഹാരവും ചോദിക്കില്ല എന്നൊരു സമ്മതപത്രവും "നോട്ടറി" മുഖേന ഹാജരാക്കേണ്ടതാണ്.

യാതൊരു മുന്നറിയിപ്പും കൂടാതെ സംഘാടകര്‍ക്ക് പരിപാടിയില്‍ മാറ്റം വരുത്താവുന്നതാണ്.

Tuesday, March 13, 2012

സച്ചിനെ നമഹ:,സച്ചിനേ സ്തുതി

ഇതെഴുതുന്നത് , സച്ചിനെ ദൈവം ആയി ആരാധിച്ചു സച്ചിനെ നമഹ:,സച്ചിനേ സ്തുതി എന്ന് ഊണിലും ഉറക്കത്തിലും ഉരുവിടുന്ന എന്‍റെ ചില സുഹൃത്തുക്കളുടെ അറിവിലേക്കാണ്. ബാകിയുള്ളവര് ഒരു നേരം പോക്കായി മാത്രമേ കാണാവേ.

ലോകം ഇപ്പോള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന മൂന്നു ഉണക്ക കമ്പുകളുടെ പുറകെയാണല്ലോ. അതെങ്ങനെ, ഓടുന്നവന്‍റെ പുറകെ ഓടുക എന്നതാണല്ലോ നമ്മുടെ ശീലം. സ്വന്തമായ വഴികള്‍ അത്ര പത്യവുമല്ല. എന്താ ഇപ്പോ പെട്ടന്ന് സച്ചിന്‍റെ കാര്യം എന്നാകും ചിന്ത,അല്ലേ? അതുമല്ലേല്‍, "ഉണ്ടിരുന്ന ജോണിന് ഇപ്പോ പെട്ടന്നെന്താ ഒരു ഉള്‍വിളി" എന്നാതാകും ആലോചന. എന്ത് ചെയ്യാം. ഞാന്‍ കേട്ട് മടുത്തു......ഏത് മനുഷ്യനും ക്ഷമ എന്നൊന്നില്ലേ. കാര്യമൂടെ അങ്ങ് പറഞ്ഞേക്കാം.


അന്നന്നത്തെ അപ്പത്തിനു എന്താ വകയെന്നു നോക്കിനടക്കുന്ന നമ്മുടെ ചാനല്‍ മുതലാളിമാരു,"റിസര്‍ച്ച് അസിസ്റ്റന്റ്‌" എന്ന പേരില്‍ കുറച്ചുപേരെ ചൊല്ലും ചോറും കൊടുത്തു വളര്‍ത്തുന്നുണ്ട്.കക്ഷികളുടെ ജോലി
"തപ്പല്". സോറി, ചില വാക്കുകള്‍ക്കു ഒരു പ്രശ്നം ഉണ്ട്.നമ്മള് ചിന്തിക്കുന്നതാകില്ല കേള്‍ക്കുന്നവര് മനസ്സിലാക്കുന്നത്. കേള്‍ക്കുന്ന വാക്കിനു കൂടുതല്‍ പരിചിതമായ
അര്‍ത്ഥം സമൂഹം കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത് ആണെല്ലോ നമ്മുടേം അര്‍ത്ഥം. അതിനാല്‍ ഈ നാട്ടിലൊക്കെ തന്നെ ജീവിക്കുന്ന ഞാന്‍ തപ്പല്- "തിരച്ചില്‍"
എന്നാക്കി മാറ്റുന്നു....ദയവായി വരവ് വെക്കണേ...കൂട്ടത്തില്‍ ഒരപേക്ഷയും. മാനനഷ്ട്ടത്തിനു ഒന്നും കേസ് കൊടുത്തു ഉള്ള മാനം കപ്പല് കേറ്റല്ലേ.അഥവാ ഇനിയും കൊടുത്താല്‍ തന്നെ, നാരങ്ങാ മിഠയി എന്ന് കേള്‍ക്കുമ്പോഴേ പോട്ടു പുല്ലു..പോട്ട്‌ എന്നും പറഞ്ഞു സ്ലോ മോഷനില്‍ ഓടി പോയി വാങ്ങി നുണയുന്ന
കൂതറ വക്കീലന്മാരെ ഒന്നും ഏല്‍പ്പിക്കരുത്.

അപ്പോള്‍ പറഞ്ഞു വന്നത് "തിരച്ചില്‍" ആണെല്ലോ! നമ്മുടെ മിക്കവരുടെയും അന്ന ദാതാവായ "ശ്രീമാന്‍/ ശ്രീമതി ഗൂഗിള്‍" ഉള്ളപ്പോള്‍ എന്നാ പേടിക്കാനാണന്നെ. ഇനിയിപ്പോള്‍ ഗൂഗിള്‍ ശ്രീമാനാണോ ശ്രീമതിയാണോ എന്നൊന്നും തപ്പാന്‍
നടക്കല്ലേ! പണികിട്ടുമേ....ഇത് വായിച്ചിട്ടും ആരേലും തപ്പാന്‍ പോയാല്‍
അമ്മച്ചിയാണേ ഞാന്‍ സ്കൂട്ടാകും. അങ്ങനെ പോകുന്നവരു താഴെ കൊടുത്ത മാതൃകയില്‍ ഒരു കുറിമാനം കൂടെ എഴുതിവെക്കുന്നതു ഉചിതമാകും. "യാതൊരു പ്രേരണയും ഇല്ലാതെ എന്‍റെ സ്വന്തം ഇഷ്ട്ടത്തില്‍ ചെയ്യുന്നത്" എന്ന്. ഇനിയും അറിഞ്ഞാലേ ഉറക്കം വരൂ എന്നൊള്ളവര്‍ക്ക് ഒരു എളുപ്പ വഴി പറഞ്ഞു തരാം. തിരയുന്നത് ശ്രീമാന്‍ എങ്കില്‍ ഗൂഗിള്‍ ശ്രീമതി അല്ലേല്‍ നേരെ തിരിച്ചു. ഇതൊന്നും കേട്ട് എന്നോട് കെറുവിക്കരുത്.ഒരു നാട്ടു നടപ്പായി മാത്രം ഇതങ്ങു ചെവികൊണ്ടാല്‍ മതി. എന്തായാലും തിരച്ചില്‍കാരെ കൊണ്ട് ഒരു മിനിറ്റു കണ്ണടക്കാന്‍ പോലും നേരം കിട്ടാറില്ലെന്നു പാവം "ഗൂഗിള്‍" സങ്കടത്തോടെ പറഞ്ഞത് കേട്ടപ്പോള്‍ എന്നാ പറയാനാണന്നെ....വിഷമം കൊണ്ട് കണ്ണ് നിറഞ്ഞു പോയേ. കശ്മലന്മാര്.ലവന്മാ(ളുമാ)രൊന്നും ഗുണം പിടിക്കാതെ പോകട്ടെന്നെ. അല്ലാതെ വേറൊന്നും എനിക്ക് പറയാനില്ല. വേറൊരു വിശേഷം കൂടെ കൂട്ടത്തില്‍ സ്വകാര്യമായി പറഞ്ഞു.ഏതൊക്കെ നാട്ടുകാരാ ദിവസവും തെരക്കി വരുന്നതെന്ന്.
ചിലര്‍ക്കറിയേണ്ടത് നാലും മൂന്നും കൂട്ടിയാല്‍ ഏഴെന്നു എന്തുകൊണ്ടാ പറയുന്നത്, വൃത്തം വരച്ചാല്‍ എന്തുകൊണ്ട് സര്‍ക്കിള്‍ ലകിട്ടുന്നു,കടാപ്പുറത്ത്‌
എത്ര കൊട്ട മണലൊണ്ട്, അമ്പിളി അമ്മാവന്‍ (ചേട്ടനല്ല) ആരുടെ അമ്മാവനാണ്, കാട്ടിലെത്ര ആനയുണ്ട്, ആനയുണ്ട് എന്ന് പറയുന്നത് ആന ചോറ് ഉണ്ണ്ന്നതിനാണോ, ആന അപ്പിയിട്ടു എന്നു പറയാതെ പിണ്ടം ഇട്ടു എന്നെന്താ പറയുന്നത്, റെഡ്-ന്‍റെ മലയാളം ചുവപ്പോ,ചുകപ്പോ അതോ ചൊമൊലയോ, കോയിയാണോ മൊട്ടയാണോ ആദ്യം ഒണ്ടായത്,ഉണ്ട ഇല്ലാതെ വെടി വെക്കാന്‍ പറ്റുമോ, ഇറച്ചി ഒലര്‍ത്തിയത് എങ്ങനാ വെക്കുന്നത്, അമ്മേടെ ആങ്ങളെയെ അമ്മാച്ചന്‍ എന്ന് വിളിച്ചാല്‍ അമ്മേടെ അച്ഛനെ എന്ത് വിളിക്കും,കുട്ടിക്കും പട്ടിക്കും ഇടുന്നതാ വളം എന്ന് ആര് ആരോട് എപ്പോള്‍ പറഞ്ഞു, അങ്ങനെ പറഞ്ഞപ്പോള്‍ ആരെല്ലാം കൂടെ ഉണ്ടായിരുന്നു, തെളിവിനു വിഷ്വല്‍സ് ആരെടുത്തു, മുറ്റത്തെ ചെപ്പു എന്താണ്, ചെപ്പാ കുറ്റിക്ക് പൊട്ടീര് കൊടുക്കണം എന്നതിലെ ചെപ്പു മറ്റേ ചെപ്പാണോ, പുട്ടുകുറ്റിക്ക് പകരം ചെപ്പകുറ്റി ഉപയോഗിക്കാമോ, നെക്ക് ടൈ എങ്ങനെ കെട്ടാം, നെക്ക് ടൈ കെട്ടാന്‍ ഇന്ത്യന്‍ ടൈ നല്ലതോ എന്ന് തുടങ്ങി ദസ്തയേവ്‌സ്കി ഏതിനം വിസ്ക്കിയാണ്, മസ്കറ്റ് ഡ്യൂട്ടി ഫ്രീയില് വാങ്ങാന്‍ കിട്ടുമോ, ബഹിരാകാശത്തേക്ക് ആദ്യം പിടിച്ചു പോയ "ലൈക" എന്ന നായിണി അവിടെ വെച്ച് മര്‍ഗയ ആയതിനെ കുറിച്ച് അന്യേഷിച്ച കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ എന്നാണ് പുറത്തുവിട്ടത്,മരണ കാരണം എന്താണ്, കോഫി അന്നന്‍ എന്നതോ കോഫി അണ്ണനോ ശരി എന്ന് വേണ്ട പണ്ടാര കാലമാടന്മാര്‍ക്ക് അറിയാന്‍ ഒരു നൂറായിരം കാര്യങ്ങള്.


അങ്ങനിരിക്കുമ്പോഴാ ഏതോ ഒരു പോങ്ങന്‍ ഒരു ചോദ്യവും കൊണ്ടെത്തിയത്...തെരയാനേ..."ഓടും കുതിര,ചാടും കുതിര,ബാള് കണ്ടാല്‍ നിക്കും കുതിര".പലതരം ചോദ്യങ്ങളും കേട്ടിട്ടുണ്ട്...എന്നാല്‍ ഇങ്ങനൊരു ചോദ്യം...സത്യം പറയാല്ലോ....ഒരാള് വന്നു ചോദിച്ചിട്ട് എങ്ങനാ അറിയില്ലെന്ന് പറഞ്ഞു വിടുന്നത്.


പിന്നെ ചോദിച്ച പോങ്ങനെ ഒന്നറിഞ്ഞു വെക്കാമല്ലോ,ഭാവിയില്‍ ഒരു കരുതലാകുമല്ലോ എന്നുംവിചാരിച്ചാ അവന്റെ ഐ.പി. ക്കുതന്നെ കേറി പിടിച്ചത്.ആള് കാഞ്ഞ പുള്ളി. മാത്രമോ,ഏഷ്യന്‍ ഭൂഖണ്ഡം മുഴുവന്‍ നെറ്റ് വിരിച്ചിരിക്കുന്ന ഇത്തിരി വല്യ പുള്ളി.ഈയടുത്ത്കേട്ടതൂടെ പറയാം; ഭൂഖണ്ഡന്തര മിസ്സൈല്കള് ഒക്കെ തൊടുത്തു ആള് കമ്പോളത്തില് വിലസുകാണെന്ന്.ഓരോരുത്തവന്‍മാരുടെ യോഗം.അല്ലാതെന്താ.ഈ യോഗം എന്നൊക്ക പറയുന്നത് അങ്ങനെ സ്ഥിരമായി ഒരാള്‍ക്ക്‌ കുത്തകപാട്ടത്തിനു കൊടുത്തിരിക്കുന്നതാണോ? മാതൃഭൂമിയോടുള്ള സ്നേഹം അസ്ഥിക്ക് പിടിച്ചു ചിലര്, മലയാളികള്‍ ഉള്ലെടുത്തെല്ലാം, മുള്ളാന്‍ പോയാല് അതും ലൈവ് ആയി കാട്ടും എന്ന് ഉറപ്പിച്ചു കൊടേം വടീം പിടിച്ചോണ്ട് വരുന്നതിനു മുന്നോടിയായി എവിടുന്നൊക്കെയോ ആരെയെല്ലാമോ തോണ്ടിക്കൊണ്ട്‌ പോകുന്നു എന്നത് കേട്ടറിഞ്ഞിട്ടു കാലമേറെ കഴിഞ്ഞില്ലല്ലോ! ഒന്ന് തോണ്ടിയാലുടനെ വെറുംകയ്യോടെ ഇറങ്ങി കൂടെ പോയാല്‍ ഓക്കെ.അവിടേം കൊണ്ട് നിര്ത്തത്തില്ലല്ലോ.പോകുന്ന പോക്കില് കുറച്ചു പുരാണം പറച്ചിലും ഉണ്ട്. കേട്ടാല് വായിക്കകത്ത് കുറച്ചു ആടിന്‍ കാഷ്ട്ടം വാരിയിടാന്‍ തോന്നും. ആര് കേട്ടാലും ശരിവെക്കുന്ന "വിഭാഗിയത" എന്ന വാക്കും ഇമ്പോസിഷന്‍ എഴുതിച്ച്ട്ടാ, തോണ്ടുന്നവര്
തോളത്തിരുത്തി പൊന്നേ പൊടിയെ ചക്കരെയേ എന്നൊക്കെ വിളിച്ചു പ്രലോഭിപ്പിച്ചു കാര്യം കാണാന്‍ കൊണ്ടുപോകുന്നതെന്ന് മാലോകര്‍ക്കെല്ലാം അറിയാമെന്നത് മാത്രമാ ചെറിയൊരാശ്വാസം.ഇനിയും വിഭാഗിയത ഏറ്റില്ലെങ്കില്‍ അടുത്തതു റെഡി. പല തോണ്ട് കിട്ടിയപ്പോഴും, മാനം മര്യാദയായി ജീവിച്ചു
പോകണം എന്നുകരുതി വലയില്‍ ചാടാതിരുന്നവരെ, പിച്ചിയെന്നോ മാന്തിയെന്നോ ഒക്കെ പറഞ്ഞു അപമാനിക്കുക. എന്തെങ്കിലും കിട്ടിയാല്‍
ലവന്റെ പണി തീര്‍ക്കാം എന്ന് കരുതി ഇരിക്കുന്ന ചില പുങ്കനന്‍മാര്, കേട്ട പാതി കേള്‍ക്കാത്ത പാതി, കോലായില്‍ പൊളവനെ തല്ലാന്‍ ചാരിവെച്ച പത്തലും എടുത്തു പായലായി. ചില ശല്‍വി മാരും സിന്ധു മാരും മുരളിമാരും കൂട്ടത്തില്‍ ബ്രിട്ടാനിയ യൂദാസുമാരും. ഇങ്ങനെയുള്ളിടത്താ ഉണ്നിമായയും,ഗോപി മന്ജൂരാനും, കസ്തൂരിയും ഒക്കെ.പോകുന്നവരൊക്കെ പോകട്ടന്നെ. പുലികിടന്ന മട എന്നും പുലിമടയാണ്.അതിപ്പോ പുലി കാടിറങ്ങി ഒരു പോക്ക് പോയന്നും വച്ചു മടയുടെ പേര് മാറ്റാന്‍ പറ്റുമോ.ഒരു പുലി പോകുമ്പോള്‍ വേറൊരു പുലി... അല്ല പിന്നെ.

അതേ എനിക്ക് ഇങ്ങനെ ഒരു ചെറിയ പ്രശ്നം ഉണ്ട്...ഒന്നും മനപ്പൂര്‍വ്വം അല്ല കേട്ടോ....എല്ലാം തികച്ചും യാദൃശ്ചികം മാത്രം. ഒന്ന് പറഞ്ഞോണ്ടിരിക്കുമ്പോള്‍ ആ കൂട്ടത്തില്‍ അതുമായി ബന്ധപെട്ട എന്തെല്ലാമോ തിക്കി കയറി വരുന്നു.എന്ത് ചെയ്യാം.പറയാതെ പോയാല്‍ അവരൊക്കെ എന്ത് കരുതും.എല്ലാരേം തൃപ്തി പെടുത്തണമല്ലോ!


പോങ്ങന്‍റെ ആ ഒരു ചോദ്യം എന്‍റെ നെഞ്ചകത്താ കേറി തറച്ചത്. കുറച്ചേറെ രക്തം കിനിഞ്ഞിറങ്ങിയെന്നു പറഞ്ഞാല്‍ നിങ്ങള്ക്ക് വേദനയുടെ തീവ്രത റിക്ടര്‍ സ്കെയില്‍ ഇല്ലാതെ അളക്കുവാന്‍ സാധിക്കുമോ?


നൂറ്റി ചില്വാനം കോടി മനുഷ്യരെ കഴുതകളാക്കി,എങ്ങനെ യാതൊരു ഉളുപ്പും ഇല്ലാതെ, ഇങ്ങനെ ചെയ്യാന്‍ കഴിയും? ലിറ്റില്‍ മാസ്റ്റര്‍ ആണ് പോലും.ഫൂ..താന്‍ എവിടുത്തെ ലിറ്റില്‍ മാസ്റ്റര്‍ ആണ് ഹുവാ.കഴിഞ്ഞാണ്ടില് ഇതേ ദിവസം നാഗ്പൂരില്‍ നടന്ന ലോകകപ്പില്‍ പാവം പിടിച്ച ദക്ഷിണാഫ്രിക്കക്കാരന് മോര്‍ക്കിനെ ബൌണ്ടറി കടത്തി നാല്പത്തിയെട്ടാം ഏകദിനത്തില്‍ നേടിയ തൊണ്ണൂറ്റിഒന്‍പതാം ശതകത്തിനു ശേഷം താന്‍ എന്തോന്ന് തേങ്ങാകുലയാടോ ചെയ്തിരിക്കുന്നത്. അന്നേ തനിക്കു അങ്ങ് വിരമിച്ചു പണ്ടാരമടങ്ങരുതായിരുന്നോ? ഒന്നുമില്ലേല്‍ ആ ദ്രാവിഡിനെ കണ്ടു പഠിക്കു.ഓരോ കളിക്കും ഇപ്പോഴേതാണ്ടങ്ങ് ഒലത്തും എന്നു പറഞ്ഞു കളത്തിലിറങ്ങി, ബാള് കണ്ടാല് ഏതോ ബോംബ്‌ ആണെന്ന ധാരണയില്‍ അടിച്ചാല്‍ ഇപ്പൊ പൊട്ടും എന്ന പരുവത്തില്‍ ഒള്ള നില്‍പ്പ് കാണുമ്പോള് കഷ്ട്ടം തോന്നുവാ. ഇന്ന് 367 ദിവസമായി എന്നെ പോലുള്ള കഴുതകള് താനിപ്പോ ശതകത്തില്‍ ശതകം തികയ്ക്കും എന്ന പ്രതീക്ഷയില്‍ വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയട്ടു.
ദാ, മറ്റൊരു വിശേഷം കൂടെ കിട്ടിയിരിക്കുന്നു.തന്നെ പറ്റി തന്നെയാ.ഇടക്ക് ചോദ്യങ്ങള് ചോദിച്ചു ഡിസ്റ്റര്ബ് ചെയ്യാതെ പറയുന്നത് കേള്‍ക്കടോ. വെറുതെ ഫ്ലോ കളയാതെ. കഴിഞ്ഞ ഒരു വര്ഷം ബാറ്റും തൂക്കി പോയിട്ട് 32 ഇന്നിങ്ങ്സില്‍ നിന്നും ആകെ നേടിയത് ആയിരത്തിഎഴുപത്തിഏഴു റണ്‍സ്. എവിടെ പോയി പഴയ ആ ഉഷാറൊക്കെ?

തീരെ ഗതികെട്ടിട്ടു വിഷമം കൊണ്ടാ ഇത്രയും പറഞ്ഞതെന്ന് മനസ്സിലായോ. രവി ശാസ്രിത്രിയുടേം, വെങ്ങ്സര്ക്ക‍റിന്റേം, ഗവാസ്ക്കരിന്റെം ഒക്കെ കാലഘട്ടത്തില്‍ കുറ്റിയും കോലും, സാറ്റും ഒക്കെ കളിച്ചു നടന്ന സ്ഥലങ്ങളില്‍ നിന്നും മൈതാന്ങ്ങളുടെ വിസ്തൃതിയില്‍ വെള്ളക്കയിലും, മച്ചിങ്ങേലും, ടെന്നിസ് ബാളേലും, റബര്‍ ബാളേലും, ലതര്‍ ബാളേലും അവസാനമായി കോര്‍ക്ക് ബാളിലും അടിച്ചു പഠിച്ചു കളിച്ചു വളര്‍ന്നു വന്ന എന്‍റെയൊരു പഴയ "സ്പോട്സ് സ്റ്റാര്‍" മാത്രം വാങ്ങി അതിന്റെ കൂടെ കിട്ടുന്ന ക്രിക്കറ്റ് കളിക്കാരുടെ പോസ്റ്ററുകള്‍ ശേഖരിക്കല് പതിവാക്കി കാട്ടുവള്ളി ചിറയിലും, കാളച്ചന്തയിലും ഒക്കെ കളിച്ചു കൊണ്ടിരുന്ന ചങ്ങാതിയെ പോലെ എത്ര പേര്‍ അവരുടെ ജീവ വായുവായി ക്രിക്കറ്റിനെ മനസ്സില്‍ കരുതുന്നു എന്നറിയുമോ?

അവിടം കൊണ്ടും തീരുന്നില്ല. കുരക്കണ്ണികാരന്‍ (വര്‍ക്കല) ജോജിന്‍ എന്ന ‍ ചങ്ങാതി പണ്ടെന്നോ താങ്കളെ പറ്റി വാളില്‍ എന്തോ പോസ്റ്റിയതു വായിച്ചതായി ഒരു ചെറിയ ഓര്‍മ്മ. ചങ്ങാതി ആഗംലേയത്തില്‍ ആണിട്ടത്. " Master Blaster" എന്നൊക്കെ പറഞ്ഞു തുടങ്ങി അടുത്തത് "Master Plaster" ആയി ...പിന്നെ നുറുങ്ങുന്ന ഹൃദയത്തോടെ അവന്‍ എഴുതിയിരിക്കുകയാ,ദയവായി താങ്കള്‍ നൂറു എന്നത്
മറന്നു ഒരു 30-40 എങ്കിലും സ്കോര്‍ ചെയ്യാന്‍ .താങ്കളുടെ വ്യക്തിഗത താത്പര്യങ്ങള്‍ക്ക് വേണ്ടി ടീമിനെ ബലിയാട് ആക്കരുതെന്ന് .അത് അവന്‍റെ മാത്രം
അഭിപ്രായം അല്ല ഡിയര്‍ പ്ലാസ്റ്റര്‍.

ഞങ്ങള്‍ക്ക് അറിയാം താങ്കള്‍ ഒരു കാലത്ത് ഈ ടീം -ന്‍റെ സര്‍വ്വവുമായിരുന്നു എന്ന് .എല്ലാവര്ക്കും എല്ലായിപ്പോഴും അങ്ങനെ തുടരാന്‍ സാധിക്കില്ല .നേടി
തന്ന എല്ലാ വിജയങ്ങള്‍ക്കും നന്ദിയുണ്ടേ . കൂട്ടത്തില്‍ നേടിയെടുത്ത എല്ലാ റെക്കോര്‍ഡുകള്‍ക്കും. എന്നും പറഞ്ഞു എത്രന്നും വെച്ചാ ഹുവ്വാ മനുഷ്യന്‍മാര് ക്ഷമിക്കേണ്ടത്.

ഞാന്‍ തത്ക്കാലം നിര്‍ത്തുകയാ. വരുന്ന മാച്ചില് ഒരു നൂറും അടിച്ചു, അന്ന് തന്നെ ഉള്ളതെല്ലാം വാരിയെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സ്വയം പുറത്തു പോയി
വേണമെങ്കില്‍ പഴയ രോമാന്ജ കുന്ജുകങ്ങള്‍ ചെയ്യുന്ന പോലെ വല്ല കോച്ചായോ കമന്റ്ററ്ററായോ ആയോ സെലക്ടര്‍ ആയോ പുതിയ കുപ്പായത്തില് വന്നാല്‍ പിന്നേം ഞങ്ങള് സഹിക്കും.അല്ലേല് അമ്മച്ചിയാണേ തൂക്കി എടുത്തു പുറത്തു
കളയുമേ. പിന്നിരുന്നു മോങ്ങല്ലേ!

12.03.2012
Muscat